ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ വിടവാങ്ങി.

39 ഭാര്യമാർ, 94 മക്കൾ; 100 മുറികളുള്ള വീട്ടിൽ താമസം; വീട്ടിൽ 180 അംഗങ്ങൾ

ഏറ്റവും വലിയ കുടുംബത്തെ സന്തോഷത്തോടെ നയിച്ച്‌​ ചരിത്രത്താളുകളില്‍ ഇടംപിടിച്ച മിസോറാമുകാരനായ സിയോണ ചന വിടവാങ്ങി. ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു 76 കാരനായ സിയോനയുടെ അന്ത്യം. പ്രമേഹവും രക്താതിസമ്മര്‍ദവും മൂര്‍ഛിച്ച്‌​ മൂന്നു ദിവസമായി വീട്ടില്‍ ചികിത്സയിലായിരുന്നു. പെട്ടെന്ന്​ രോഗം മൂര്‍ഛിച്ച്‌​ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പെ മരണം സ്ഥിരീകരിച്ചു.

വലിയ കുടുംബവുമായി കഴിയുന്ന സിയോണ ചന വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ മിസോറാമിലെ ബാക്​തോങ്​ ലാങ്​ന്വാം ഗ്രാമം ടൂറിസ്റ്റുകളുടെ ഇഷ്​ട കേന്ദ്രങ്ങളിലൊന്നായിരുന്നു. പിതാവ്​ 1942ല്‍ സ്​ഥാപിച്ച പ്രത്യേക ക്രിസ്​ത്യന്‍ വിശ്വാസ വിഭാഗത്തിന്‍റെ നേതാവ്​ കൂടിയായിരുന്നു സിയോന. അംഗങ്ങള്‍ക്ക്​ ബഹുഭാര്യത്വം അനുവദിക്കുന്ന ഈ വിഭാഗത്തില്‍ 400 അംഗങ്ങളാണുള്ളത്​. 1945ല്‍ ജനിച്ച അദ്ദേഹം 17ാം വയസ്സിലാണ്​ തന്നെക്കാള്‍ മൂന്നു വയസ്സ്​ കൂടുതലുള്ള ആദ്യ ഭാര്യയെ വിവാഹം കഴിക്കുന്നത്​. 2004ലാണ്​ അവസാന ഭാര്യ ജീവിതത്തിന്‍റെ ഭാഗമാകുന്നത്​. കുടുംബ സമേതം 100 മുറികളുള്ള നാലു നില വീട്ടിലായിരുന്നു താമസം. ചുവാന്‍ താര്‍ റണ്‍ എന്നു പേരിട്ട ഈ വസതിയും അതിലെ കുടുംബവുമായിരുന്നു വിനോദസഞ്ചാരികളൂടെ പ്രധാന ആകര്‍ഷണം. മൊത്തം 180 അംഗങ്ങളാണ്​ ഈ വീട്ടിലുള്ളത്​.

 

കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാം സ്വന്തമായി മുറികളുണ്ടെങ്കിലും പൊതുവായ അടുക്കളയിലാണ്​ ഭക്ഷണം വിളമ്പുന്നത്​. സ്വന്തം അധ്വാനത്തില്‍നിന്നുള്ള വരുമാനവും സംഭാവനകളുമാണ്​ കുടുംബത്തെ നിലനിര്‍ത്തിയിരുന്നത്​.