ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം റംസാൻ ആഘോഷം; ഭരണകൂടത്തിനെതിരായ ക്യാമ്പയിന്‍ നടത്തുന്നത് കേരളം പ്രഫുൽ പട്ടേൽ
ഇന്ന് ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ പട്ടേൽ അവസാന നിമിഷം വഴി മാറ്റി.
കൊച്ചി: ലക്ഷദ്വീപിലെ വിവാദനടപടികളെ ന്യായീകരിച്ച് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ലക്ഷദ്വീപിൽ സ്വീകരിച്ചത് കരുതൽ നടപടികൾ മാത്രമാണെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. ജനങ്ങൾക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
ലക്ഷദ്വീപിൽ കൊവിഡ് വ്യാപനം ശക്തമാകാൻ കാരണം റംസാൻ ആഘോഷമാണ്. ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്കെതിരെയുള്ള കേസ് കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിലാണ്. ദ്വീപിലെ ഭരണകൂടത്തിനെതിരായ ക്യാമ്പയിന്‍ നടത്തുന്നത് കേരളമാണെന്നും പ്രഫുൽ പട്ടേൽ ആരോപിച്ചു.
കഴിഞ്ഞ 73 വര്‍ഷമായി ദ്വീപില്‍ വികസനമില്ല. വികസനത്തെ എതിർക്കുന്നവരാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിൽ. മദ്യം അനുവദിച്ചത് ടൂറിസം വികസത്തിന് വേണ്ടിയാണ്. ഇതിനെ വര്‍ഗീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ന് ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ പട്ടേൽ അവസാന നിമിഷം വഴി മാറ്റി. നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ശേഷം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകാനായിരുന്നു പട്ടേൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ കേരളത്തിലെത്താതെ നേരിട്ട് ലക്ഷദ്വീപിലേക്ക് പോകുന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ യാത്ര ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. പട്ടേൽ ഒളിച്ചോടിയെന്ന് ടി എൻ പ്രതാപൻ എം പി പരിഹസിച്ചു. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിലെത്തുന്നത്.