ജൂൺ 16 മുതൽ ലോക്ഡൗൺ ലഘൂകരിക്കും മുഖ്യമന്ത്രി

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ തുറക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ തുറക്കും.

തിരുവനന്തപുരം: ജൂൺ 16 മുതൽ ലോക്ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ൻമെന്റ് സോൺ തിരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ തുറക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ തുറക്കും. ജൂൺ 17 മുതൽ കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം. സെക്രട്ടേറിയറ്റിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ 50 ശതമാനം വരെ ജീവനക്കാർക്ക് പ്രവർത്തിക്കാം. ബാങ്കുകൾ നിലവിലുള്ള രീതിയിൽതന്നെ തുടർന്നും പ്രവർത്തിക്കും.

 

 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ൻമെന്റ് സോൺ തിരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഏഴ് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനം ആണെങ്കിൽ ആ സ്ഥലത്തെ കുറഞ്ഞ രോഗ വ്യാപനമുള്ള പ്രദേശമെന്ന് വിലയിരുത്തും. ടിപിആർ 8-20 ശതമാനമുള്ള പ്രദേശങ്ങളെ മിതമായ രോഗ വ്യാപനമുള്ള പ്രദേശമായി വിലയിരുത്തും. ടിപിആർ 20 ശതമാന മുകളിലുള്ള സ്ഥലങ്ങൾ അതിവ്യാപന മേഖലയായി കണ്ട് നിയന്ത്രങ്ങൾ ഏർപപ്പെടുത്തും. ടിപിആർ 30 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിൽ 20 പേരെ മാത്രം പങ്കെടുപ്പിക്കാം. മറ്റ് ആൾക്കൂട്ടങ്ങളൊ പൊതു പരിപാടികളൊ അനുവദിക്കില്ല. ഇളവുകൾ അനുവദിച്ചുവെന്ന് കരുതി എല്ലാ മേഖലയിലും ഇളവാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗവ്യാപനം പൂർണമായും ഒഴിവാക്കിയിട്ടില്ല. അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസ് നമ്മുടെ കൂടെയുണ്ട്. വ്യാപനം തടയാൻ കഴിഞ്ഞാൽ മാത്രമെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാനാവൂ. അതിനാൽ കൂടുതൽ കരുതൽ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു