ഒറ്റ ‍ഡോസിന് 18 കോടി; തിരൂർ സ്വദേശിയായ 5 മാസക്കാരന് മരുന്ന് ലഭ്യമാക്കണമെന്ന് പിതാവിന്റെ ഹർജി

മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ സഹായം ആവശ്യപ്പെട്ട് പിതാവ് തിരൂർ സ്വദേശി ആരിഫാണ് ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി ∙ ജീവൻ രക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ആവശ്യം വന്ന ഹൈദരാബാദിലെ അയാൻഷ് ഗുപ്ത എന്ന ആൺകുട്ടിക്ക് 19 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്തിയ സംഭവത്തിന് സമാനമായ ഹർജി കേരള ഹൈക്കോടതിയിലും. അയാൻഷിന്റെ അതേ അപൂർവ രോഗത്തോടു മല്ലിടുന്ന അഞ്ചു മാസം പ്രായമുള്ള ഇമ്രാനായി ജീവൻ രക്ഷാ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ സഹായം ആവശ്യപ്പെട്ട് പിതാവ് തിരൂർ സ്വദേശി ആരിഫാണ് ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ് ഇമ്രാൻ.

ഇമ്രാൻ

ഹെൽത്ത് സർവീസസ് ഡയറക്ടറുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ജില്ലാ മെഡിക്കൽ ഓഫിസറുടെയും ഗൗരവശ്രദ്ധ വേണ്ട കേസാണിതെന്നു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. ഹെൽത്ത് സർവീസസ് ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർ 28നകം ഇക്കാര്യത്തിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി ഹർജി 29നു പരിഗണിക്കാൻ മാറ്റി.

പേശീക്ഷയം (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച കുട്ടിക്കായി ഒറ്റ ഡോസ് ഒനാസെമ്നോജീൻ എന്ന മരുന്നാണ് ആവശ്യമെന്നു ഹർജിയിൽ പറയുന്നു. ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാണു ഹർജിയിലെ ആവശ്യം.

ക്ഷേമ സംസ്ഥാനം എന്ന നിലയിൽ മരുന്നിന്റെ ഫലപ്രാപ്തി, വൻവില, ചികിത്സ പ്രോട്ടോക്കോൾ, മരുന്ന് വാങ്ങാൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം ശേഖരിക്കൽ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു. പേശീക്ഷയം ബാധിച്ച അയാൻഷിന് സോൾഗെൻസ്മ എന്ന മരുന്ന് അമേരിക്കയിൽ നിന്ന് ലഭ്യമാക്കാൻ സമൂഹമാധ്യമങ്ങളിലൂടെ നടന്ന സഹായ അഭ്യർഥനയിലൂടെ പണം ശേഖരിച്ചിരുന്നു. ആറു കോടിയുടെ നികുതി ഇളവ് കേന്ദ്രസർക്കാരും നൽകിയിരുന്നു.

കൈ ചലിപ്പിക്കാൻ കഴിയാത്തതിനെ തുടർന്നു 40 ദിവസം പ്രായമായപ്പോൾ നടത്തിയ പരിശോധനയിലാണു ഇമ്രാനു രോഗം തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റി. മൂന്നു മാസമായി വെന്റിലേറ്ററിലാണ്. നേരത്തെ ഒരു കുഞ്ഞു മരിച്ചു പോയതിനാൽ ഇമ്രാനെയെങ്കിലും രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണു മാതാപിതാക്കൾ.