രാജ്യത്ത് ഹാൾമാർക്കിംഗ് നിയമം നിർബന്ധമാക്കി,​സ്വർണം ഇന്നുമുതൽ ”പരിശുദ്ധം”

പരിശുദ്ധിയുള്ള സ്വർണാഭരണം മാത്രമേ ജ്വല്ലറികൾക്ക് ഇന്നുമുതൽ വിൽക്കാനാകൂ. അതേസമയം,​ ഉപയോക്താക്കൾക്ക് ഹാൾമാർക്കിംഗ് വ്യവസ്ഥ ബാധകമല്ല.

കൊച്ചി: ഹാൾമാർക്കിംഗ് നിയമം നിർബന്ധമാക്കിയതോടെ ഇന്നുമുതൽ രാജ്യത്തെവിടെനിന്നും ലഭിക്കുക ഹാൾമാർക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വർണം മാത്രം. 14,18, 22 കാരറ്റ് പരിശുദ്ധിയുള്ള സ്വർണാഭരണം മാത്രമേ ജ്വല്ലറികൾക്ക് ഇന്നുമുതൽ വിൽക്കാനാകൂ. അതേസമയം,​ ഉപയോക്താക്കൾക്ക് ഹാൾമാർക്കിംഗ് വ്യവസ്ഥ ബാധകമല്ല. ഉപയോക്താക്കളുടെ കൈവശമുള്ള ഏതു കാരറ്റിലുള്ള സ്വർണാഭരണവും തുടർന്നും മാറ്റിയെടുക്കാം. പഴയ സ്വർണം വിറ്റു പണമാക്കാനും കഴിയും. ഹാൾമാർക്ക് ചെയ്യാത്തതോ, നിശ്ചിത കാരറ്റിലല്ലാത്തതോ ആയ സ്വർണം കൈവശം വയ്ക്കുന്നതിനും തടസമില്ല. എന്നാൽ,​ തിരിച്ച്,​ ജ്വല്ലറികൾ ഉപയോക്താക്കൾക്കു വിൽക്കുന്ന സ്വർണം ഹാൾമാർക്ക് ചെയ്തതായിരിക്കണം എന്നതാണ് പുതിയനിയമത്തിലെ വ്യവസ്ഥ. ഉപയോക്താക്കളുടെ സ്വർണത്തിന് ജ്വല്ലറികൾ വിപണി വില നൽകുകയും വേണം. ഹാൾമാർക് ചെയ്യാത്ത സ്വർണം സ്വീകരിക്കില്ലെന്ന് ഏതെങ്കിലും സ്വർണവ്യാപാരികൾ പറഞ്ഞാൽ,​ ഉപയോക്താക്കൾക്കു നിയമപരമായി നീങ്ങാവുന്നതാണ്. സ്വർണാഭരണങ്ങൾ മാത്രമല്ല, നാണയങ്ങളോ മറ്റ് ഉരുപ്പടികളോ വിൽക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഹാൾമാർക്കിംഗ് ആവശ്യമില്ല. അതേസമയം, രണ്ടു ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾ വാങ്ങുമ്പോൾ ഹാൾമാർക്കിംഗ് ബാധകമല്ല.

2020 ജനുവരിയിലാണു നിയമം പാസാക്കിയത്. ജ്വല്ലറികളുടെ പക്കലുള്ള സ്വർണം വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ഒരു വർഷത്തെ സമയം നൽകിയിരുന്നു. 2021 ജനുവരിയിൽ പൂർണമായും ഹാൾമാർക്കിംഗ് നടപ്പാക്കാനാണ് കേന്ദ്രം തീരുമാനിച്ചതെങ്കിലും കൊവിഡ് മൂലം ആറുമാസം കൂടി നീട്ടി നൽകുകയായിരുന്നു. 2000 മുതൽ ഹാൾമാർക്കിംഗ് രാജ്യത്തു നിലവിലുണ്ട്. അതേസമയം, നിയമം നടപ്പാക്കാനുള്ള സമയപരിധി 2022 ജൂൺ വരെ നീട്ടണമെന്നാണ് സ്വർണവ്യാപാര രംഗത്തെ സംഘടനകളുടെ ആവശ്യം.

 

ഹാൾമാർക്കിംഗ്

 

സ്വർണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനായി ആഭരണത്തിൽ ആലേഖനം ചെയ്യുന്ന മുദ്ര‌യാണിത്. വാങ്ങുന്ന സ്വർണത്തിൽ മായംകലരുന്നതിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം നൽകുകയാണ് ലക്ഷ്യം. സ്വർണാഭരണങ്ങൾ വിൽക്കണമെങ്കിൽ ജ്വല്ലറികൾ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ റജിസ്റ്റർ ചെയ്തിരിക്കണം. ഇനിമുതൽ ഹാൾമാർക്കിംഗ് ലൈസൻസും നിർബന്ധമാണ്.

 

പണയംവയ്ക്കാം

 

സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണം പണയം വയ്ക്കുമ്പോഴും സ്വർണപണയത്തിനും നിയമം ബാധകമല്ല.

 

സ്വർണത്തിന്റെ വിപണിമൂല്യത്തിന് ആനുപാതികമായ പണം ഉപയോക്താവിനു ലഭിക്കും. ഹാൾമാർക്ക് ഇല്ലാത്തതിന്റെ പേരിൽ സേവനം നിഷേധിച്ചാൽ ഉപയോക്താവിനു നിയമപരമായി മുന്നോട്ടുപോകാം.

 

പഴയസ്വർണം പുതിയതാകും

 

ഉപയോക്താക്കളുടെ കൈകളിൽനിന്നു വ്യാപാരികൾ വിലയ്ക്കു വാങ്ങുന്ന പഴയ സ്വർണം, ഉരുക്കി, നിശ്ചിത കാരറ്റിലാക്കി ഹാൾമാർക് ചെയ്തു വീണ്ടും വിപണികളിലെത്തിക്കും.

 

വിപണിവില തന്നെ കിട്ടും

 

മാറ്റ് അനുസരിച്ചുള്ള അന്നത്തെ വിപണി വില സ്വർണം വിൽക്കുന്ന ഉപയോക്താക്കൾക്കു ലഭിക്കും. പഴയ ആഭരണത്തിന്റെ കാരറ്റ് പരിശോധിച്ചായിരിക്കും ജ്വല്ലറികൾ വില നിശ്ചിയിക്കുക. ഇതിനായി കാരറ്റ് അനലൈസർ സംവിധാനം ഭൂരിഭാഗം ജ്വല്ലറികൾക്കുമുണ്ട്. ഉപയോക്താവിനും ഇവ നേരിൽകണ്ടു ബോദ്ധ്യപ്പെടാം.

 

ഇനി സ്വർണം മൂന്ന് കാരറ്റുകളിൽമാത്രം

 

14, 18, 22 കാരറ്റിലുള്ള ആഭരണങ്ങൾ മാത്രമേ ജ്വല്ലറികൾക്കു വിൽക്കാനാകൂ. ഇതിൽ ഏതു കാരറ്റിൽ ആഭരണങ്ങൾ നിർമിച്ചാലും ഹാൾമാർക് ചെയ്യണം. 21 കാരറ്റ് സ്വർണം പുതിയ വിജ്ഞാപനപ്രകാരം ജ്വല്ലറികളിൽ വിൽക്കാനാകില്ല. അതേസമയം 21 കാരറ്റ് ആഭരണങ്ങൾ ഉപയോക്താക്കളിൽനിന്ന് ജ്വല്ലറികൾക്കു വാങ്ങാം. പല വിദേശരാജ്യങ്ങളിൽനിന്നും കൊണ്ടുവരുന്ന സ്വർണം 21 കാരറ്റിലുള്ളവയാണ്.

 

ഹാൾമാർക്ക് നോക്കി മേന്മ അറിയാം

 

1. ഹാൾമാർക്കിംഗ് അനുവദിക്കുന്ന സ്ഥാപനത്തിന്റെ മുദ്ര

2. ജ്വല്ലറിയുടെ തിരിച്ചറിയൽ മുദ്ര

3. ബി.ഐ.എസ് മുദ്ര

4. നിലവാരം കാരറ്റിൽ രേഖപ്പെടുത്തിയത്.

 

ലൈസൻസ് മസ്റ്റാണ്

 

നിലവിൽ സംസ്ഥാനത്തു വിൽക്കുന്ന ആഭരണങ്ങളിൽ (2ഗ്രാമിനു മുകളിലുള്ളവ) ഏതാണ്ട് 100 ശതമാനവും ഗുണമേന്മാ മുദ്ര പതിച്ചവയാണ്. വിവിധ ഹാൾമാർക്കിംഗ് സെന്ററുകളിൽനിന്നു മുദ്ര പതിപ്പിച്ച ശേഷമാണ് ലൈസൻസില്ലാത്ത ജ്വല്ലറികളും ആഭരണങ്ങൾ വിൽക്കുന്നത്. എന്നാൽ ഇന്നുമുതൽ, സ്വന്തമായി ലൈസൻസ് ഇല്ലാതെ, ഹാൾമാർക്കുള്ള സ്വർണം വിൽക്കുന്നതും കുറ്റകരമാണ്. സ്വർണ വിൽപനയുള്ള നിർമാണ യൂണിറ്റിനും ലൈസൻസ് നിർബന്ധമാണ്.

 

ലൈസൻസ് എടുക്കാൻ

 

സേവനം പൂർണമായും ഓൺലൈനാണ്. http://www.manakonline.inഎന്ന പോർട്ടലിലൂടെ ഫീസ് അടച്ച്, ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്ത് ലൈസൻസ് ഡൗൺലോഡ് ചെയ്യാം.

 

  1. കേരളത്തിൽ ആകെ ജ്വല്ലറികൾ 12000 ഓളം
  2. ഹാൾമാർക്കിംഗ്് ലൈസൻസുള്ളവ 3700 ഓളം
  3. ഹാൾമാർക്കിംഗ് ലൈസൻസുള്ളവ(രാജ്യത്ത്) : 34,647
  4. രാജ്യത്ത് ആകെ ഹാൾമാർക്കിംഗ് സെന്ററുകൾ: 980
  5. കേരളത്തിൽ : 73

  6. അരുണാചൽപ്രദേശ്, ലഡാക്ക്, മണിപ്പുർ, നാഗാലാൻഡ്, മിസോറാം, സിക്കിം, ആൻഡമാൻ നിക്കോബാർ, ദാദ്ര നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഹാൾമാർക്കിംഗ് സെന്ററുകളില്ല.
  7. കേരളത്തിൽ ഇടുക്കി ജില്ലയിൽ ഹാൾമാർക്കിംഗ് സെന്ററില്ല

  8. സ്വർണ മേഖലയ്ക്ക് നഷ്ടം 1.5 ലക്ഷം കോടി

 

സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാകുമ്പോൾ ഒന്നര ലക്ഷം കോടിയുടെ നഷ്ടമാണ് സ്വർണ വ്യാപാര മേഖലയ്ക്കുണ്ടാവുക. പുതിയ തീരുമാനപ്രകാരം 14, 18, 22 കാരറ്റുകളിലുള്ള സ്വർണാഭരണങ്ങൾ മാത്രമേ ഇനി വിൽക്കാൻ പാടുള്ളു. വ്യാപാരികളുടെ കൈവശമുള്ള 20, 21, 23,24 കാരറ്റുകളിലുള്ള സ്വർണം ഏകദേശം 3000 ടണ്ണാണ്. ഇവ 14, 18, 22 കാരറ്റുകളിലേക്ക് മാറ്റിയാൽ നഷ്ട്ടപ്പെടുന്ന സ്വർണത്തിന്റെ വിപണി വില ഏകദേശം ഒന്നര ലക്ഷം കോടി രൂപയാണ്.