പൊന്നാനി ഹാർബർ 50 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും

പൊന്നാനിയിൽ നിലവിലുള്ള ഹാർബർ 50 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുക. ആദ്യ ഘട്ടമായി പദ്ധതിക്ക് അഞ്ച് കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പൊന്നാനിയിൽ മത്സ്യതൊഴിലാളികൾക്ക് പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണപുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി എത്തിയ മന്ത്രി ഹാർബറിലും സന്ദർശനം നടത്തിയിരുന്നു.

ആദ്യഘട്ട പദ്ധതിയിൽ പരമ്പരാഗത വള്ളങ്ങൾക്ക് ഹാർബറിലെത്താനുള്ള ലോ ലെവൽ ജെട്ടി, മത്സ്യം വാഹനങ്ങളിൽ കയറ്റുന്ന സ്ഥലങ്ങളിൽ മേൽക്കൂര നിർമാണം, മത്സ്യതൊഴിലാളികൾക്കുള്ള വിശ്രമകേന്ദ്രങ്ങൾ, ചെറിയ പെട്ടിക്കടകൾ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തുക.