കെ എസ് ടി യു പ്രത്യക്ഷ സമരം വിജയം കണ്ടു: സ്ക്കൂളിൽ മൂന്ന് അധ്യാപകരെ നിയമിച്ചു.
കുറ്റിപ്പുറം: പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സെടുക്കാൻ ആവശ്യമായ അധ്യാപകരില്ലാത്ത കുറ്റിപ്പുറം മാണിയംക്കാട് ഗവ: എൽ പി സ്ക്കൂളിൽ വിദ്യാഭ്യാസ വകുപ്പ് മൂന്ന് അധ്യാപകരെ നിയമിച്ചു. ഇതോടു കൂടി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്കക്ക് ഏറെ പരിഹാരമായി.പ്രബേഷൻ കാലാവധി കഴിയാത്ത ഒരു അധ്യാപിക മാത്രമുള്ള മാണിയംക്കാട് സ്ക്കൂളിൽ അടിയന്തിരമായി കൂടുതൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല കമ്മറ്റി കഴിഞ്ഞ ദിവസം സ്ക്കൂളിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൂന്ന് അധ്യാപകരെ നിയമിച്ച് ഉത്തരവിറക്കിയത്.എടച്ചലം എ എം എൽ പി സ്ക്കൂളിലെ പ്രധാനാധ്യാപിക പി.ജെ. ലില്ലി, കുളക്കാട് ജി എൽ പി സ്ക്കൂളിലെ ഷിബിലി, പെരുമ്പറമ്പ് മൂടാൽ ഗവ എൽ പി സ്ക്കൂളിലെ സുധീമ എന്നീ അധ്യാപകരെയാണ് താല്കാലികമായി പ്രവർത്തന ക്രമീകരണ വ്യവസ്ഥയിൽ നിയമിച്ചത്.
എന്നാൽ 2019 -20 അധ്യാപക തസ്കിയ നിർണയ പ്രകാരം മാണിയംക്കാട് സ്ക്കൂളിൽ ഹെഡ് മാസ്റ്ററും ഭാഷ അധ്യാപികയടക്കം ആറ് പേർ വേണ്ടിsത്താണ് മൂന്ന് അധ്യാപകരെ മാത്രം താല്കാലികമായി നിയമിച്ച് വിദ്യാഭ്യാസ വകുപ്പ് തടിയൂരുന്നത്. ഒരൊറ്റ അധ്യാപിക മാത്രമുള്ള മാറാക്കര കല്ലാർ മംഗലം ഗവ: എൽപി സ്ക്കൂളിലും ആവശ്യത്തിന് അദ്ധ്യാപികരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു സമരം നടത്തിയത്തിൻ്റെ അടിസ്ഥാനത്തിൽ അവിടെയും മൂന്ന് അധ്യാപകരെ നിയമിച്ച് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവിറക്കിയതു പ്രകാരം ഓൺലൈൻ ക്ലാസ്സുകൾ കാര്യക്ഷമമായി നടന്നു വരുന്നു.
അധ്യാപകരുടെ കുറവുമൂലം ദൈനം ദിന കാര്യങ്ങൾ നിർവ്വഹിക്കുന്നതിനും ഡിജിറ്റൽ ക്ലാസ്സുകൾ കാര്യക്ഷമമായി നടത്തുന്നതിനും പുസ്തകം, ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയവ നിർവ്വഹിക്കുന്നതിന് പ്രയാസം നേരിടുന്ന ഉപജില്ലയിലെ എല്ലാ സ്ക്കൂളുകളിലും ആവശ്യത്തിന് സ്ഥിര അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ എസ് ടി യു ഉപജില്ല കമ്മറ്റി ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം കെ എസ് ടി യു പ്രക്ഷോപ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് സി. അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.വി. ജലീൽ പദ്ധതികൾ അവതരിപ്പിച്ചു. മുസ്തഫ വളാഞ്ചേരി , പി. സാജിദ്, ടി.പി. സൂൽഫീക്കർ , യൂനുസ് മയ്യേരി, പി.പി. സക്കരിയ്യ, കെ. അബ്ദുൽ ലത്തീഫ് , റഹീം പാറക്കൽ എന്നിവർ പ്രസംഗിച്ചു.