സംസ്ഥാന ലോക്ക് ഇല്ല, ഇളവിന് നാലു മേഖല; നാളെ മുതൽ നല്ല നാൾ
പൊതുഗതാഗതം നിയന്ത്രിത തോതിൽ ഓട്ടോ, ടാക്സി ഭാഗികമായി ഓടും ദേശീയ, സംസ്ഥാന പരീക്ഷകൾ നടത്താം സർക്കാർ, സ്വകാര്യ ഓഫീസുകൾ ദിവസവും ബാർബർ ഷോപ്പുകൾ തുറക്കും
തിരുവനന്തപുരം: നാൽപതു നാളത്തെ ലോക്ക് ഡൗണിന്റെ ശ്വാസംമുട്ടലിനു ശേഷം ജീവിതം അൺലോക്കിന്റെ ആദ്യഘട്ട ആശ്വാസത്തിലേക്ക്. പൊതുഗതാഗത സൗകര്യങ്ങൾ നിയന്ത്രിത തോതിൽ പുനരാരംഭിച്ചും, സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ ഹാജരോടെ പ്രവർത്തിച്ചും നാളെ മുതൽ കേരളം വീണ്ടും ചലിച്ചുതുടങ്ങും. സംസ്ഥാനത്താകെ ഒരുപോലെ ബാധകമായ അടച്ചിടൽ ഉണ്ടാവില്ല. ശനി, ഞായർ സമ്പൂർണ ലോക്ക് ഡൗൺ തുടരും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ, രോഗവ്യാപന തോത്) അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളെ നാലു വിഭാഗമായി തിരിച്ചായിരിക്കും ഇന്ന് അർദ്ധരാത്രി പ്രാബല്യത്തിലാകുന്ന ഇളവുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ, സംസ്ഥാന പൊതു പരീക്ഷകൾ നടത്താൻ അനുമതിയുണ്ട്. ജില്ല കടന്നുള്ള യാത്രകൾക്ക് ഭാഗിക നിയന്ത്രണമുണ്ടാകും. ഹോട്ടലുകൾ തുറക്കാമെങ്കിലും പാഴ്സൽ, ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ. ലോട്ടറി ടിക്കറ്റ് വില്പന അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ ഇളവുകളുടെ ഏതു വിഭാഗത്തിൽ വരുമെന്ന് ആഴ്ചയിലൊരിക്കലാണ് നിശ്ചയിക്കുക. എല്ലാ ബുധനാഴ്ചയും തൊട്ടു മുൻപുള്ള എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്യും. ഇത് അടിസ്ഥാനമാക്കി ജില്ലാ കളക്ടർ ആണ് ഏതു വിഭാഗമെന്ന് പരസ്യപ്പെടുത്തുക.
നാളെ മുതൽ ഇങ്ങനെ
അവശ്യവസ്തു കടകൾ ദിവസവും
ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി
അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ
രജിസ്ട്രേഷൻ, ആധാരമെഴുത്ത് ഭാഗികം
ബാർബർ ഷാപ്പുകൾ തുറക്കും
സ്പോർട്സ് സെലക്ഷൻ ട്രയലുകൾ നടത്താം
സർക്കാർ ഓഫീസുകളിൽ 25% ജീവനക്കാർ
സെക്രട്ടേറിയറ്റിൽ 50% ജീവനക്കാർ
നിയന്ത്രണം തുടരുന്നവ
ഹോട്ടലുകളിൽ പാഴ്സലും ഹോം ഡെലിവറിയും മാത്രം
വിവാഹം, മരണാനന്തര ചടങ്ങ് 20 പേർ മാത്രം
മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കില്ല
ബ്യൂട്ടിപാർലറുകൾ പ്രവർത്തിക്കില്ല
ആരാധനാലയങ്ങൾ, പൊതുപരിപാടികൾ ഉടനില്ല
ജില്ല കടന്നുള്ള യാത്രകൾക്ക് ഭാഗിക നിയന്ത്രണം
ഓട്ടോ, ടാക്സി യാത്രകൾക്ക് ഭാഗിക നിയന്ത്രണം
ബെവ്കോയും ബാറും ഓപ്പൺ
ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ മുതൽ തുറക്കും. പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ. ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് ബെവ്കോ ഔട്ട്ലെറ്റുകളിലെത്തി ടോക്കൺ ക്രമത്തിൽ മദ്യം വാങ്ങാം. ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുമതിയില്ല. പാഴ്സൽ മാത്രം.
പരീക്ഷകൾ തുടങ്ങും
അഖിലേന്ത്യാ പൊതു പരീക്ഷകൾക്കും സംസ്ഥാനതല പരീക്ഷകൾക്കും നാളെ മുതൽ അനുമതിയുണ്ടാകും. മാറ്റിവച്ച സർവകലാശാലാ പരീക്ഷകളുടെ പുതുക്കിയ തീയതി ഈ ആഴ്ച പ്രഖ്യാപിക്കും. പ്ളസ് ടു പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസമുണ്ടാകും. ജെ.ഇ.ഇ, ലാ എൻട്രൻസ്, എൻജി., മെഡിക്കൽ എൻട്രൻസ് പരീക്ഷകൾ ജൂൺ 20 ന് നടത്താനാണ് തീരുമാനം. ബിറ്റ്സാറ്റ് എൻട്രൻസ് ജൂൺ 24നും, ജെ.ഇ.ഇ അഡ്വാൻസ്ഡ് ജൂലായ് 3നും, നീറ്റ് ജൂലായ് 8 നും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. വിവിധ സെലക്ഷൻ പരീക്ഷകളുടെ കായികക്ഷമതാ പരീക്ഷകളും ഈ മാസം നടക്കും. ലോക്ക് ഡൗൺ മേഖലകളിൽ നിന്നുള്ള പരീക്ഷാർത്ഥികൾക്ക് പ്രത്യേകാനുമതി നൽകും. ക്വാറന്റീൻ രീതി മാറും വീടുകളിൽ ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നയാളെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റണം. ഉപകരണങ്ങൾ ഉൾപ്പെടെ സംവിധാനങ്ങൾ ഉള്ളവർ മാത്രമെ വീടുകളിൽ ക്വാറന്റീനിൽ കഴിയാവൂ.