ഇന്ധനവില ഇന്നും കൂട്ടി;18 ദിവസത്തിനിടെ വില കൂടുന്നത് പത്താം തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 98 രൂപ 97 പൈസയായി. ഡീസലിന് 94രൂപ 24 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97 രൂപ 15 പൈസയും ഡീസലിന് 92രൂപ 52 പൈസയുമാണ് നിലവിലെ നിരക്ക്. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്.

ഇന്ധന വില വർദ്ധനവിന്‍റെ അനന്തരഫലമായി രാജ്യത്ത് വിലക്കയറ്റം രൂക്ഷമാവുകയാണ്. റീട്ടെയിൽ നാണ്യപ്പെരുപ്പം 6.3 ശതമാനമായി ഉയർന്നെന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭക്ഷ്യ സാധനങ്ങളുടെയും മറ്റ് അവശ്യ വസ്‌തുക്കളുടെയും വില കുതിച്ച് കയറുകയാണ്.

കഴിഞ്ഞ മാസം 37.6 ശതമാനമാണ് ഇന്ധന വില കൂടിയത്. നിര്‍മ്മാണ ഉപകരണങ്ങളുടെ വില 10.8 ശതമാനം ഈ കാലയളവില്‍ കൂടി. ഭക്ഷ്യേതര ഉത്പ്പന്നങ്ങളുടെ വിലയിലും പത്ത് ശതമാനം വര്‍ദ്ധനവുണ്ടായി. മേയ് മാസത്തില്‍ മൊത്ത വിൽപ്പനയിലെ നാണ്യപെരുപ്പം 12.94 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 3.37 ശതമാനം കുറവായിരുന്നു ഇത്. ചില്ലറ വിപണിയേയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.