ബ്രണ്ണൻ കോളേജിലെ വിവാദം നടക്കുന്ന കാലത്ത് ഞാൻ ജനിച്ചിട്ടില്ല; ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കരുതെന്ന് വി ഡി സതീശൻ

സുധാകരനെ സി പി എമ്മിന് പേടിയാണ്, കെ സുധാകരൻ കെ പി സി സി അദ്ധ്യക്ഷനായത് ഭയപ്പെടുന്നുവെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രിയുടെ നടപടി.

കൊച്ചി: വനംകൊള്ള അടക്കം ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉള്ളതെന്നും അത് വിട്ടുകളിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനാവശ്യ വിവാദത്തിന് പിന്നാലെ പോയി മരംമുറി വിവാദം ഇല്ലാതാക്കാൻ കോൺഗ്രസോ യു ഡി എഫോ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കതി. ഈ പറയുന്ന ബ്രണ്ണൻ കോളേജിലെ വിവാദം നടക്കുന്ന കാലത്ത് താൻ ജനിച്ചിട്ട് പോലുമില്ല. അവർ പറയുന്നത് വച്ച് നോക്കുമ്പോൾ സംഭവം കഴിഞ്ഞ് അഞ്ചാറ് മാസം കഴിഞ്ഞാണ് താൻ ജനിച്ചതെന്നും അതുകൊണ്ട് തന്നെ ഫ്രാൻസിസ് അടക്കം ആരേയും തനിക്കറിയില്ലെന്നും സതീശൻ പറഞ്ഞു.

ഇങ്ങനെ ഒരുവിവാദം നിലനിര്‍ത്താൻ ശ്രമിക്കുന്നു എങ്കിൽ അതിന് പിന്നിൽ പലതും മറച്ചുവയ്ക്കുക എന്ന ലക്ഷ്യമാണുള്ളത് . അനാവശ്യ വിവാദ൦ അവസാനിപ്പിക്കണ൦. കൊവിഡ് മഹാമാരിയടക്കം ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

 

കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കാനാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിക്കുന്നത്. ഇതിനിടയിൽ 40 മിനിറ്റ് സുധാകരന് മറുപടി മാറ്റിവച്ചതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത് മര൦മുറി വിഷയത്തിൽ നിന്ന് ഫോക്കസ് മാറ്റാനാണ്. അഭിമുഖത്തിൽ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. പ്രസിദ്ധീകരിക്കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഭാഗങ്ങളാണ് അഭിമുഖത്തിൽ വന്നതെന്ന് സുധാകരൻ വിശദീകരിച്ചിട്ടുണ്ട്. അഭിമുഖ൦ പെരുപ്പിച്ച് വാർത്ത സമ്മേളനത്തിൽ മറുപടി പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഉചിതമല്ലന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രസിദ്ധീകരിച്ച സമയത്ത് തന്നെ അഭിമുഖത്തെ കുറിച്ചുള്ള പരാതി എഡിറ്ററെ സുധാകരൻ അറിയിച്ചിരുന്നു. എന്നിട്ടും വിവാദം വളര്‍ത്താൻ സി പി എം നേതാക്കൾ ശ്രമിച്ചു. വിവാദം തുടങ്ങി വച്ചത് കെ സുധാകരൻ ആണെന്ന അഭിപ്രായമില്ല. സുധാകരനെ സി പി എമ്മിന് പേടിയാണ്, കെ സുധാകരൻ കെ പി സി സി അദ്ധ്യക്ഷനായത് ഭയപ്പെടുന്നുവെന്നതിനുള്ള തെളിവാണ് മുഖ്യമന്ത്രിയുടെ നടപടി. കുട്ടികളെ തട്ടിക്കൊണ്ട് പൊകാൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണത്തിന് മറുപടിയായാണ് ഇന്ന് കെ സുധാകരൻ വാര്‍ത്താസമ്മേളനത്തിൽ വന്നത്. ഈ വിവാദം ഇതോടെ അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.