ഇന്ത്യയിൽ നിന്നുമുള്ളവർക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ

ദുബായി: ഇന്ത്യൻ യാത്രക്കാർക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം എന്നറിയിച്ച് രാജ്യത്തെ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്. യുഎഇയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കൊവിഡ് വാക്സിനുകളിൽ ഏതെങ്കിലും സ്വീകരിച്ചിട്ടുള്ള റസിഡന്റ് വിസയുള്ളവർക്കാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.

കൂടാതെ 48 മണിക്കൂർ കാലാവധിക്കുള്ളിലുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റും യാത്രക്കാർ നൽകേണ്ടതുണ്ട്. പിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റിൽ ക്യു ആർ കോഡ് ഉണ്ടാവണമെന്നും ദുബായിലെത്തുന്ന യാത്രക്കാരെല്ലാം രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

 

പിസിആർ പരിശോധനാ ഫലം വരുന്നതു വരെ യാത്രക്കാർ താമസ സ്ഥലത്ത് ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. 24 മണിക്കൂറിനകമാണ് ഫലം ലഭിക്കുക.

 

സുപ്രീം കമ്മിറ്റിയെ ഉദ്ധരിച്ച് ദുബായി മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രവേശനം നൽകുന്നത് സംബന്ധിച്ചുള്ള നിബന്ധനകളും മീഡിയാ ഓഫീസ്‌ നൽകിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ, നൈജീരിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും യുഎഇ പിൻവലിച്ചിട്ടുണ്ട്.