സർക്കാർ ഒ. ടി. ടി പ്ലാറ്റ്‌ഫോം ഓണത്തിന് റിലീസാകും,​ ഇന്ത്യയിലാദ്യമായി കേരളത്തിൽ

അ‌ഞ്ച്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് കെ.എസ്.എഫ്.ഡി.സി നാളെ സർക്കാരിന് സമർപ്പിക്കും.

തിരുവനന്തപുരം: മലയാള സിനിമകൾക്കായി സംസ്ഥാന സർക്കാർ ഒ.ടി.ടി പ്ലാറ്റ് ഫോം തുറക്കുന്നു. ഓണം മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ പ്രേക്ഷകർക്ക് സിനിമകൾ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കുന്നത്.

അ‌ഞ്ച്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് കെ.എസ്.എഫ്.ഡി.സി നാളെ സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ വിശദമായി പദ്ധതി രേഖ തയ്യാറാക്കും.

 

സിനിമകൾ നിർമ്മാതാക്കളിൽ നിന്ന് വില കൊടുത്ത് വാങ്ങുന്ന നിലവിലെ രീതിക്കു പകരം പ്രദർശനത്തിന്റെ വരുമാനം നിശ്ചിത ശതമാനം കണക്കാക്കി പങ്കുവയ്ക്കുന്ന രീതിയാവും സർക്കാർ ഒ.ടി.ടി യിൽ. സർക്കാരിനും നിർമ്മാതാക്കൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നതാണ് ഇത്. ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാൽ അത്രയും തുകയിൽ കൂടുതൽ വരവുണ്ടായില്ലെങ്കിൽ ഒ.ടി.ടി ഉടമയ്ക്ക് നഷ്ടം വരും. അതുപോലെ തന്നെ ഒരു തുകയ്ക്ക് സിനിമ വിറ്റ ശേഷം എത്ര കൂടുതൽ വരുമാനം വന്നാലും നിർമ്മാതാവിന് അതിന്റെ ഒരു പങ്കുപോലും ലഭിക്കുകയുമില്ല. ഇതിന് പരിഹാരമായാണ് പുതിയ രീതി.

കൊവിഡ് ലോക്ക് ഡൗൺ വന്നപ്പോഴാണ് തിയേറ്ററുകൾക്ക് ബദലായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ തുറന്നത്. ജയസൂര്യ നായകനായ സൂഫിയും സുജാതയുമാണ് ഒ.ടി.ടി യിൽ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം.

 

ഈ പ്ലാറ്റ്‌ഫോം വിശാലമാണ്

 

ലോക്ക് ഡൗൺ കാലത്ത് സിനിമ റിലീസ് ചെയ്യാം

 

ലോക്ക് ഡൗൺ മാറിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും ലഭ്യമാക്കും.

 

തിയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടുന്ന അവാർഡ് ചിത്രങ്ങൾ,​ ചിത്രാ‌ഞ്ജലി പാക്കേജിൽ നിർമ്മിക്കുന്ന ചിത്രങ്ങൾ എന്നിവയ്ക്ക് അവസരം

 

ഒ.ടി.ടി

 

ഒ.ടി.ടി (ഓവർ ദി ടോപ്പ്) പ്ലാറ്റ്‌ഫോമുകൾ എന്നാൽ ഇന്റർനെറ്റ് വഴി ആളുകൾക്ക് നേരിട്ട് കണ്ടന്റ് (സിനിമ, വെബ് സീരീസ് തുടങ്ങിയവ) നൽകുന്ന വേദിയാണ്. മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, ലാപ്ടോപ്, സ്‌മാർട്ട് ടി.വി എന്നിവയിൽ സിനിമ കാണാം. നിശ്ചിത ഫീസ് ഓൺലൈൻ വഴി അടച്ചാൽ ആഴ്ച, മാസം, വർഷം എന്നീ കണക്കിന് വരിക്കാരവാം. റിലീസ് ദിവസം മുതൽ സിനിമകൾ എപ്പോൾ വേണമെങ്കിലും പ്രേക്ഷകന്റെ സൗകര്യപ്രകാരം കാണാം.

 

”മികച്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമാകും സൃഷ്ടിക്കുക. ഇതിനായി വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തും”

 

–എൻ.മായ, എം.ഡി, കെ.എസ്.എഫ്.ഡി.സി