ക്വാറൻ്റൈനിൽ ഇറങ്ങി നടന്നത് ബോധവൽക്കരിച്ച യുവാവിന് കുത്തേറ്റു; സംഭവം പറവണ്ണ ആലിൻചുവട്
പ്രദേശവാസിയായ വേലായുധൻ എന്നയാളാണ് സുരേഷ് ബാബുവിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരൂർ: ക്വാറൻ്റൈനിൽ കഴിയേണ്ടതിന് പകരം പുറത്തിറങ്ങി നടന്നതിന് ബോധവൽക്കരിച്ചതിൻ്റെ പേരിൽ യുവാവിന് കത്തേറ്റു. തിരൂർ പറവണ്ണ ആലിൻചുവട് പള്ളിപറമ്പിൽ സുരേഷ് ബാബുവിനാണ് കുത്തേറ്റത്. ഇന്ന് (ഞായർ) വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. കഴുത്തിനും കാലിനും പരുക്കേറ്റ സുരേഷ് ബാബുവിനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുത്തേറ്റയുടനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രദേശവാസിയായ വേലായുധൻ എന്നയാളാണ് സുരേഷ് ബാബുവിനെ ആക്രമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊവിഡ് കാരണം ക്വാറൻ്റൈനിൽ ഇരിക്കുന്നതിന് പകരം പുറത്തിറങ്ങി നടന്നത് പലതവണ പൊലീസും പഞ്ചായത്ത് അധികൃതരും വേലായുധനെ ബോധവൽക്കരിച്ചിരുന്നു.എന്നാൽ തനിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടു എന്നാരോപിച്ചാണ് വേലായുധൻ സുരേഷ് ബാബുവുമായി സംഘർഷമുണ്ടാക്കി കുത്തി പരുക്കേൽപ്പിച്ചത്.