സെഞ്ചുറി അടിച്ച് പെട്രോൾ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ആദ്യമായി നൂറു കടന്നു. പാറശാലയിൽ 100 രൂപ 04 പൈസയാണ് വില. പെട്രോളിനു 26 പൈസയും ഡീസലിനു 8 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത് . 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്ന് വില നൂറിൽ എത്തിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 99 രൂപ 80 പൈസയാണ് വില. ഡീസൽ വില 95 രൂപ 62 പൈസയായി. കൊച്ചിയിൽ പെട്രോളിന് 97 രൂപ 86പൈസയും ഡീസലിന് 94 രൂപ 79പൈസയുമാണ് പുതുക്കിയ വില.

22ദിവസത്തിനിടെ പതിമൂന്നാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കർണാടക എന്നീ സംസ്ഥാനങ്ങളിൽ പെട്രോൾ വില ഇതിനോടകം നൂറു കടന്നു.

ഇന്നലെ ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർധിപ്പിച്ചിരുന്നു. പെട്രോളിന് 99.54 രൂപയും ഡീസലിന് 94.80 രൂപയുമാണ് നേരത്തേ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സർവകാല റെക്കോർഡിലാണ്.

പെട്രോളിനും ഡീസലിനും ഏറ്റവും അധികം വാറ്റ് നികുതി പിരിക്കുന്ന സംസ്ഥാനം രാജസ്ഥാനാണ്. തൊട്ടുപിന്നാലെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുമുണ്ട്. രാജ്യത്ത് ആദ്യമായി പെട്രോൾ വില 100 കടന്നത് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു ഇത്. ഈ മാസം ഇവിടെ ഡീസലിനും 100 രൂപ പിന്നിട്ടു. ശ്രീഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 108.37 രൂപയും ഡീസലിന് 101.12 രൂപയുമാണ്. മുംബൈയെ കൂടാതെ ഹൈദരാബാദിലും ബെംഗളൂരിവിലും പെട്രോൾ വില നൂറു കടന്നു.

രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നു നിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 73.06 ഡോളറാണ്. ബ്രെന്റ് ക്രൂഡോയിലിന് ബാരലിന് 75.19 ഡോളറാണ്.

രാജ്യാന്തര വിപണിയിലെ 15 ദിവസത്തെ എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ആറു മണിക്ക് എണ്ണ കമ്പനികൾ ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്. കോവിഡ് വാക്സിൻ യജ്ഞവുമായി വിവിധ രാജ്യങ്ങൾ മുന്നോട്ടുപോകുന്നത് ഇന്ധനവിലയ്ക്ക് സഹായകരമായെന്നാണ് വിലയിരുത്തൽ. രാജ്യാന്തര തലത്തിൽ എണ്ണ ആവശ്യകത ഉയർന്നതും വില വർധനവിന് കാരണമായി. ഡോളറിനെതിരെ രൂപ ദുർബലമായതും ഇറക്കുമതി ചെലവ് കൂട്ടിയിട്ടുണ്ട്.