ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു.
മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽവെച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
ജൂൺ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ വീട്ടിൽ കയറി ഏലംകുളം പഞ്ചായത്തിൽ എളാട് ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്‍റെ മകളും ഒറ്റപ്പാലം നെഹ്റു കോളജിൽ എൽഎൽ.ബി മൂന്നാം വർഷ വിദ്യാർഥിനിയുമായ ദൃശ്യയെ (21) പ്രതിയായ വിനീഷ് വിനോദ് (21) കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരുതര പരിക്കേറ്റിരുന്നു.
കൊല്ലപ്പെട്ട ദൃശ്യയും പ്രതി വിനീഷും പ്ലസ് ടുവിന് ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. വിവാഹം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ വിനീഷ് ദൃശ്യയുടെ പിതാവ് ബാലചന്ദ്രനെ സമീപിച്ചിരുന്നു. കൂടാതെ, നിരന്തരം ഫോൺ ചെയ്യൽ ഉൾപ്പെടെയുള്ള ഉപദ്രവങ്ങൾ ദൃശ്യ പ്രതിയിൽ നിന്ന് നേരിട്ടിരുന്നു. ദൃശ്യയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിന്‍റെ പരാതിയിൽ നേരത്തേ വിനീഷിനെ പൊലീസ് താക്കിത് ചെയ്തതുമാണ്.
വീടിന്‍റെ കിടപ്പുമുറിയിലിട്ടാണ് ദൃശ്യയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. ദേഹത്ത് 20ലേറെ മുറിവുകളുണ്ടായിരുന്നു. ബഹളംകേട്ട് മുകൾ നിലയിൽ നിന്നെത്തി തടയുന്നതിനിടെയാണ് ഇളയ സഹോദരി ദേവശ്രീക്ക് കുത്തേറ്റത്. കൃത്യം നടത്തിയ ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.