മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ എം.എല്‍.എയും ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു

മലപ്പുറം കെ.എസ് ആര്‍.ടി.സി ബസ് ടെര്‍മിനലുടെ നിര്‍മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ പി.ഉബൈദുള്ള എം.എല്‍.എയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ഉന്നത ഉദ്യോഗസ്ഥര്‍ മലപ്പുറം ഡിപ്പോ സന്ദര്‍ശിച്ചു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗ തീരുമാന പ്രകാരമാണ് സന്ദര്‍ശനം. ഡിസംബര്‍ 31 നകം ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരി ആദ്യവാരം ഉദ്ഘാടനം ചെയ്യുന്നതിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എം.എല്‍.എ അറിയിച്ചു. നിലവിലുള്ള പ്രൊജക്ടിന്റെ എസ്റ്റിമേറ്റ് പ്രൈസില്‍ റിവൈസ് ചെയ്യും.

നിലവിലുള്ള 2.25 ഏക്കര്‍ സ്ഥലത്ത് പെട്രോള്‍ പമ്പടക്കമുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാല്‍ കണ്‍സള്‍ട്ടിങ് ഏജന്‍സിയായ എച്ച്.എല്‍.എല്‍ കമ്പനിയുടെ നേതൃത്വത്തില്‍ സ്ഥലം സര്‍വേ ചെയ്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് വരെ എല്ലാ ഓഫീസുകളും പതിയ കെട്ടിടത്തിലെ താത്ക്കാലിക സംവിധാനത്തിലായിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവൃത്തിക്കുന്ന സ്ഥലത്താണ് യാര്‍ഡ് നിര്‍മിക്കുന്നത്.

യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ കെ.എ.സന്തോഷ് കുമാര്‍, എസ്റ്റേറ്റ് ഓഫീസര്‍ പ്രദീപ്, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍, കണ്‍സള്‍ട്ടിങ് ഏജന്‍സിയായ എച്ച്.എല്‍.എല്‍ ഡെപ്യൂട്ടി മാനേജര്‍ ഹരികൃഷ്ണന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ജീവന്‍രാജ്, കോണ്‍ട്രാക്ടര്‍ അഹമ്മദ് കുട്ടി എന്നിവര്‍ പങ്കെടുത്തു.