ജോസഫൈന്റേത് മനുഷ്യത്വമില്ലാത്ത പെരുമാറ്റം; രാജികൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി

വലിയ കുറ്റകൃത്യങ്ങളാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്നത്. അവരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങേണ്ട സമയമാണിത്. ഒറ്റക്കെട്ടായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മലപ്പുറം: ജോസഫൈന്റെ ഭാഗത്ത് നിന്നുണ്ടായത് മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണെന്നും രാജികൊണ്ടൊന്നും പ്രശ്‌നത്തിനും പരിഹാരമാവില്ലെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

അധികാരത്തിലുള്ളവര്‍ക്ക് വിനയം നഷ്ടമായികൊണ്ടിരിക്കുകയാണ്. ഇത് പൊതു രീതിയായി വന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാവും. വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയിലിരിക്കുന്ന ഓരാള്‍ ദുരിതം അനുഭവിക്കുന്നവരോട് നീതിപുലര്‍ത്തിയില്ല എന്നത് ന്യായീകരിക്കാനാവാത്തതാണ്. ഈഭരണകാലത്ത് പ്രകടമാകുന്ന അധികാരത്തിന്റെ ഹുങ്കായി കാലം അതിനെ രേഖപ്പെടുത്തും. പിണറായി സര്‍ക്കാര്‍ രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം ‘ഇനിയൊന്നും നോക്കാനില്ല’ എന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. അതു വലിയ അപകടം ചെയ്യും. ഇത്തരം സ്ഥാനത്തിരിക്കുന്നവര്‍ക്ക് ആദ്യം വേണ്ടത് കരുണയാണ്. പൊതുജനം കഷ്ടപ്പാടുകള്‍ പറയുമ്പോള്‍ അല്‍പം ദയാവായ്പു കാണിക്കണം. എന്നാല്‍ അതിനു പകരം ക്രൂരമായ പെരുമാറ്റമാണ് ഇവിടെ കണ്ടത്. ഇത് രാജികൊണ്ട് തീരുന്ന പ്രശ്‌നമല്ല. നിരവധി പാവങ്ങള്‍ക്ക് ഇവരുടെ അധികാര കാലത്ത് നീതികിട്ടാതെ പോയിട്ടുണ്ട്. അവര്‍ക്ക നീതിലഭ്യമാക്കണം.

ഇത്തരക്കാരെ അധികാരക്കസേരയിലിരുത്തുമ്പോള്‍ സി.പി.എം ശ്രദ്ധിക്കണമായിരുന്നു. ഗുരുതര വീഴ്ചകളുണ്ടായ സമയത്തെല്ലാം പാര്‍ട്ടിയുടെ പിന്‍ബലത്തിലാണ് ഇവര്‍ ആ കസേരയില്‍ തുടര്‍ന്നത്. നിക്കള്ളിയില്ലാതെയാണ് ഇപ്പോഴത്തെ രാജി. പ്രൊഫഷണലായ ആളുകളെ ഇത്തരം പോസ്റ്റില്‍ നിയോഗിക്കണം. വലിയ കുറ്റകൃത്യങ്ങളാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്നത്. അവരുടെ കണ്ണീരൊപ്പാന്‍ ഇറങ്ങേണ്ട സമയമാണിത്. ഒറ്റക്കെട്ടായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.