കുവൈത്തില്‍ മാളുകളിലും റെസ്റ്റോറന്റുകളിലും നാളെ മുതല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം
ആപ്ലിക്കേഷനില്‍ രണ്ട് ഡോസുകള്‍ മുഴുവനായോ അല്ലെങ്കില്‍ ഒരു ഡോസ് മാത്രമായോ വാക്സിന്‍ സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കില്‍ ഓറഞ്ച് കളര്‍ കോഡ് ഉള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം.
അബുദാബി: കുവൈത്തില്‍ ജൂണ്‍ 27 (നാളെ)മുതല്‍ തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം. സിവില്‍ ഐഡി ആപ്പില്‍ പച്ചയോ ഓറഞ്ചോ നിറത്തില്‍ പ്രതിരോധ സ്റ്റാറ്റസ് തെളിയണം. ആരോഗ്യ വകുപ്പിന്റെ ഇമ്മ്യൂണ്‍ ആപ്പില്‍ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ഉള്ളവര്‍ക്കും പ്രവേശനം അനുവദിക്കും.
മാളുകള്‍, റെസ്‌റ്റോറന്റുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, സലൂണുകള്‍ എന്നിവിടങ്ങളിലാണ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നത്. ഷോപ്പുകളുടെയും റെസ്റ്റോറന്റുകളുടെയും ഉടമകള്‍ക്ക് ഇത് ബാധകമല്ല. കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കും. കുവൈത്ത് മൊബൈല്‍ ഐഡി അല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇമ്മ്യൂണ്‍ ആപ്പ് എന്നിവയുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയാകും ആളുകളെ മാളുകളിലും മറ്റും പ്രവേശിപ്പിക്കുക. ആപ്ലിക്കേഷനില്‍ രണ്ട് ഡോസുകള്‍ മുഴുവനായോ അല്ലെങ്കില്‍ ഒരു ഡോസ് മാത്രമായോ വാക്സിന്‍ സ്വീകരിച്ചതിനെ സൂചിപ്പിക്കുന്ന പച്ച അല്ലെങ്കില്‍ ഓറഞ്ച് കളര്‍ കോഡ് ഉള്ളവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാം. വാക്സിനെടുക്കാത്തതിനെ സൂചിപ്പിക്കുന്ന റെഡ് കളര്‍കോഡാണെങ്കില്‍ പ്രവേശനം നിഷേധിക്കും.