രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു.
തിരുവനന്തപുരത്ത് പെട്രോളിന് 100.15 രൂപ; ഈ വർഷം ഇതുവരെ 6 മാസത്തിനിടയിൽ 56 തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. വില കുറച്ചതാകട്ടെ വെറും 4 തവണയും
ന്യൂഡൽഹി/ തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ ലിറ്ററിന് 100.15 രൂപയും ഡീസലിന് 95.24 രൂപയുമാണ്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 98.27 രൂപയും ഡീസലിന് 93.48 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.79 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം 14ാം തവണയാണ് വില വർധിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 98.11 രൂപയും ഡീസലിന് 88.65 രൂപയുമാണ്. മുംബൈയിൽ പെട്രോൾ വില 104.22 രൂപയാണ്. ഡീസലിന് 96.16 രൂപയും. രണ്ട് സംസ്ഥാന തലസ്ഥാനങ്ങൾ കൂടി പെട്രോളിന് സെഞ്ചുറി അടിച്ച നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ബിഹാർ തലസ്ഥാനമായ പാട്നയും തിരുവനന്തപുരവും. കഴിഞ്ഞ മാസം സംസ്ഥാന തലസ്ഥാനങ്ങളിൽ പെട്രോൾ വില നൂറു കടക്കുന്ന ആദ്യ നഗരമായി ഭോപ്പാൽ മാറിയിരുന്നു. പിന്നാലെ ജയ്പൂരിലും മുംബൈയിലും പെട്രോൾ വില സെഞ്ചുറിയടിച്ചു. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലും ബെംഗളൂരുവിലും വില 100 കടന്നു.
ഇന്നത്തെ വില വർധനവോടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടെ 11 ഇടങ്ങളിൽ പെട്രോൾ വില 100 കടന്നു- രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്മീർ, ഒഡിഷ, ലഡാക്ക്, ബിഹാർ, കേരളം. രാജ്യത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ഡീസലിന്റെ വില രാജസ്ഥാനിലെ ശ്രീഗംരാഗനറിൽ ഈ മാസം ആദ്യം 100 കടന്നിരുന്നു. ഒഡീഷയിലെ ചില നഗരങ്ങളിലും ഇപ്പോൾ ഡീസൽ വിലയും സെഞ്ചുറി പിന്നിട്ടു. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മെയ് നാലുമുതലാണ് എണ്ണ കമ്പനികൾ പ്രതിദിന വില വർധനവ് പുനരാരംഭിച്ചത്. അതിനുശേഷം 30 തവണയാണ് ഇന്ധന വില വർധിച്ചത്. പെട്രോളിന് 7.71 രൂപയും ഡീസലിന് 7.87 രൂപയുമാണ് മെയ് നാലിന് ശേഷം മാത്രം വർധിച്ചത്.
രാജ്യാന്തരതലത്തിൽ ക്രൂഡോയിൽ വില ഉയർന്നുനിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 74.05 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് 76.18 ഡോളറാണ്.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പ്രെട്രോൾ, ഡീസൽ വില (ലിറ്ററിന്)
അലപ്പുഴ – 98.68/ 93.86
എറണാകുളം- 98.27 / 93.48
വയനാട്- 99.38 / 94.49
കാസർഗോഡ് – 99.37/ 94.53
കണ്ണൂർ- 98.53/ 93.75
കൊല്ലം – 99.53/ 94.66
കോട്ടയം- 98.71/ 93.89
കോഴിക്കോട്- 98.58 / 93.79
മലപ്പുറം- 99.01 / 94.20
പാലക്കാട്- 99.41/ 94.54
പത്തനംതിട്ട- 99.23/ 94.38
തൃശ്ശൂർ- 98.83/ 94.01
തിരുവനന്തപുരം- 100.15/ 95.24
ഈ വർഷം ഇതുവരെ 6 മാസത്തിനിടയിൽ 56 തവണയാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത്. വില കുറച്ചതാകട്ടെ വെറും 4 തവണയും. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ 2മാസത്തിലേറെ വില കൂട്ടിയിരുന്നില്ല. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ നികുതിയിൽ 300 ശതമാനമാണ് വർധനയുണ്ടായത്. 2014 ൽ 9.48 രൂപയായിരുന്ന കേന്ദ്ര നികുതി ഇപ്പോൾ 32.90 ആണ്. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.50 രൂപയായി.