രാമനാട്ടുകര അപകടം; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

കരിപ്പൂർ: സ്വർണ കവർച്ച ഗൂഢാലോചന കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി ഫിജാസിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ കരിപ്പൂർ വിമാനത്താവള പരിസരത്തും രാമനാട്ടുകര അപകടം ഉണ്ടായ സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊടുവള്ളി ചെർപ്പുളശ്ശേരി സംഘങ്ങൾക്കിടയിലെ നിർണായക കണ്ണിയാണ് പിടിയിലായ ഫിജാസ് എന്ന് പോലീസ്. ഗൂഢാലോചനയുടെ ആസൂത്രകനാണെന്ന് പോലീസ് കരുതുന്ന സൂഫീയാൻ്റെ സഹോദരനാണ് ഫിജാസ്. ഇതോടെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ഒമ്പതായി.

കള്ളക്കടത്ത് സ്വർണം മറ്റാരും തട്ടിയെടുക്കാതെ കൊടുവള്ളിയിൽ എത്തിക്കുക എന്ന ദൗത്യമായിരുന്നു ചെർപ്പുളശ്ശേരി സംഘത്തിന് എന്നാണ് പോലീസ് പറയുന്നത്.

ഇന്നലെ കസ്റ്റഡിയിൽ വാങ്ങിയ അഞ്ചു പേരിൽ മൂന്ന് പേരെയാണ് കരിപ്പൂരിലും അപകടം നടന്ന രാമനാട്ടുകരയിലും തെളിവെടുപ്പിന് കൊണ്ടുവന്നത്. സലീം, ഹസ്സൻ, മുബഷീര് എന്നിവരെ കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിംഗ് ബേ, വിദേശ ടെർമിനൽ എക്സിറ്റ് പോയിൻ്റ് എന്നിവിടങ്ങളിലാണ് കൊണ്ടുവന്നത്. കണ്ണൂരിൽ നിന്ന് വന്ന അർജുൻ്റെ സംഘവുമായി സംഘർഷം ഉണ്ടായ പുളിക്കൽ ടവർ പരിസരത്തും ഇവരെ കൊണ്ട് വന്നു.

 

വാഹനാപകടത്തിൽ കൊല്ലപ്പെട്ട ആളുകളാണ് കണ്ണൂർ സംഘവുമായി ഏറ്റുമുട്ടിയത് എന്ന് പോലീസ് പറയുന്നു. തുടർന്ന് പ്രതികളെ രാമനാട്ടുകരയിൽ അപകടം നടന്ന സ്ഥലത്ത് കൂടി എത്തിച്ചു.

പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ (24), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷിർ (27), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പിൽ ഷാനിദ് (32) എന്നിരെയാണ് കോടതി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

 

 

ചെർപ്പുളശ്ശേരി സംഘത്തിലെ ഷഫീർ, സൂഹൈൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ എല്ലാം ഇതിനോടകം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണ സംഘവുമായി കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് അധികൃതർ കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവർ ചർച്ച ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കൊണ്ടോട്ടിയിൽ എത്തിയത്. കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസിൽ ആയിരുന്നു കൂടിക്കാഴ്ച

പരാതിക്കാർ ഇല്ലെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിളാണ് പോലീസ് ഇവർക്കെതിരെ കവർച്ച ആസൂത്രണത്തിന് ഐപിസി 399 പ്രകാരം കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ഫോണുകളിൽ നിന്നും വോയ്സ് ക്ലിപ്പുകളും സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കരിപ്പൂരിൽ നിന്ന് കള്ളക്കടത്തിലൂടെ പുറത്തെത്തിക്കുന്ന സ്വർണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയത് എന്നാണ് മൊഴി. ഇവരിലൂടെ സ്വർണ്ണക്കടത്ത് മുഖ്യ സംഘങ്ങളിലേക്ക് എത്താനാണ് പോലീസ് ശ്രമം. പോലീസിന് ഇത് ആദ്യമായാണ് സ്വർണ്ണക്കടത്തുമായി നേരിട്ട് ബന്ധമുള്ള ഇത്രയും അധികം പേരെ അറസ്റ്റ് ചെയ്യാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ പരാതിക്കാർ ഇല്ലെങ്കിൽ പോലും ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം പൂർത്തിയാകാൻ കഴിയും എന്ന പ്രതീക്ഷയിളാണ് പോലീസ്.

 

മലപ്പുറം ജില്ലക്ക് പുറമെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ കൂടി കേന്ദ്രീകരിച്ചാണ് അന്വേഷണം.