വിമാനത്താവളത്തിന് സമീപം സിസിടിവികൾ പ്രവർത്തിക്കുന്നില്ല.

കരിപ്പൂര്‍: കരിപ്പൂർ വിമാനത്താവളത്തിന്റെ പരിസരത്തേയും പ്രധാന പാതകളിലേയും സിസിടിവികള്‍ പ്രവര്‍ത്തിക്കാത്തതിനു പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘങ്ങളുടെ ഇടപെടലെന്ന് ആക്ഷേപം.

കരിപ്പൂരിലെ ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളിലേയും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതാണ് സംശയമുയര്‍ത്തുന്നത്. കൊളത്തൂര്‍ ജംഗ്ഷന്‍ മുതല്‍ വിമാനത്താവളം വരെയുളള പ്രധാനപാതയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കൊണ്ടാട്ടി നഗരസഭ ചിലവഴിച്ചത് ലക്ഷങ്ങളാണ്. പക്ഷെ അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ക്യാമറ പോലും പ്രവര്‍ത്തിക്കാറില്ല. ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനു പിന്നിലും സ്വര്‍ണമാഫിയയുടെ ഇടപെടലുണ്ടെന്നാണ് ആക്ഷേപം. വിമാനത്താവള പരിസരത്തെ പ്രധാന സ്ഥാപനങ്ങളിലെ സിസിടിവികള്‍ കൊണ്ടും പ്രയോജനം ലഭിക്കാറില്ല.

രാമനാട്ടുകര അപകടത്തിനു തൊട്ടു മുന്‍പുണ്ടായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണസംഘം പല സ്ഥാപനങ്ങളിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. വിമാനത്താളത്തിലേക്കുള്ള പ്രധാന പാതയില്‍ ഹജ് ഹൗസ് പരിസരത്ത് വച്ച് ഡിആര്‍ഐ ഉദ്യോഗസ്ഥരെ സ്വര്‍ണക്കടത്തുസംഘം ഇടിച്ചിടാന്‍ ശ്രമിച്ചപ്പോഴും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നില്ല.