ഇതുവരെ കാണാത്ത ഫീച്ചറുകളുമായി വാട്സാപ്പ്.

ന്യൂഡൽഹി: സാമൂഹികമാദ്ധ്യമ രംഗത്ത് ഏറ്റവും വലിയ മത്സരം നടക്കുന്നത് ചാറ്റിംഗ് ആപ്പുകളായ വാട്സാപ്പും ടെലഗ്രാമും തമ്മിലാണ്. ടെലഗ്രാം കഴിഞ്ഞ ദിവസം വരുത്തിയ തങ്ങളുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വീഡിയോ കോളിംഗ്, സ്ക്രീൻ ഷെയറിംഗ്, നോയിസ് സപ്രഷൻ മുതലായ ഫീച്ചേഴ്സ് ഉൾപ്പെടുത്തിയിരുന്നു. അതേസമയം സ്ക്രീൻ ഷെയറിംഗ് മുതലായ ഫീച്ചേഴ്സ് ഇനിയും വാട്സാപ്പിൽ എത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

എന്നാൽ ഇപ്പോൾ വാട്സാപ്പും തങ്ങളുടെ പുതിയ അപ്ഡേഷനായി തയാറെടുക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. വോയിസ് മെസേജിംഗ് കൂടുതൽ മെച്ചപ്പെടുത്താനായിരിക്കും വാട്സാപ്പ് ഈ അപ്ഡേറ്റിലൂടെ ശ്രമിക്കുന്നതെന്നാണ് അറിയുന്നത്. വേവ് തരംഗങ്ങൾ വഴി വോയിസ് മെസേജ് അയയ്ക്കുന്നതിന് പുതിയ അപ്ഡേഷനിൽ സാധിക്കുമെന്നാണ് കരുതുന്നത്. ടെലഗ്രാം ഇപ്പോൾ തന്നെ ഈ സാങ്കേതികവിദ്യ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. മെച്ചപ്പെട്ട വോയിസ് ക്ളാരിറ്റി ആണ് ഇതിന്റെ പ്രത്യേകത. എന്നാൽ വോയിസ് ക്ളാരിറ്റിയിലൂടെ മാത്രം വാട്സാപ്പിന് തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ സാധിക്കുമോ എന്ന് ഉറപ്പ് പറയാൻ സാധിക്കില്ല.

ഏറ്റവും പുതിയ അപ്ഡേഷനിൽ ശബ്ദസന്ദേശങ്ങളുടെ വേഗത നമ്മുടെ ഇഷ്ടാനുസരണം നിയന്ത്രിക്കുവാനുള്ള സൗകര്യം വാട്സാപ്പ് നൽകിയിരുന്നു. എന്നാൽ ടെലഗ്രാം നൽകുന്ന സ്ക്രീൻ ഷെയറിംഗ് പോലുളള സംവിധാനങ്ങളുടെ മുന്നിൽ എത്രനാൾ വാട്സാപ്പിനു പിടിച്ചു നിൽക്കാൻ സാധിക്കുമെന്നതും ചോദ്യമാണ്.