മയക്കുമരുന്നുമായി യുവാവ് പിടിയിൽ

പെരിന്തൽമണ്ണ: മാരകശേഷിയുള്ള മയക്കുമരുന്നായ എം.ഡി.എം.എയുമായി പുത്തനങ്ങാടി സ്വദേശി ഒടുവിൽ വീട്ടിൽ മുഹമ്മദ് ഇല്ല്യാസിനെ(37) പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ക്രിസ്റ്റൽ രൂപത്തിലുള്ള ഒമ്പത് ഗ്രാം എം.ഡി.എം.എ പിടികൂടി. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് ഏജന്റുമാർ മുഖേന ജില്ലയിലെത്തിക്കുന്ന മയക്കുമരുന്ന് ഗ്രാമിന് 5,​000 മുതൽ പതിനായിരം രൂപയ്ക്കാണ് വിൽക്കാറെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഇല്ല്യാസിനെ കഞ്ചാവുമായി പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യമിട്ട് അന്തർസംസ്ഥാനങ്ങളിൽ നിന്ന് സിന്തറ്റിക് ലഹരി എത്തിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പെരിന്തൽമണ്ണ ഡി.വൈ.എസ്.പി കെ.എം.ദേവസ്യ, മങ്കട ഇൻസ്‌പെക്ടർ എൻ.പ്രജീഷ്, എസ്.ഐ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ ഷാഹുൽ ഹമീദ്, ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ സി.പി.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം. മനോജ്കുമാർ, പ്രശാന്ത്, മങ്കട സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജു കുര്യാക്കോസ്, സിവിൽ പൊലീസ് ഓഫീസർ ബാലകൃഷ്ണൻ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.