എസ്.എസ്.എൽ.സി, പ്ലസ് ടു ഗ്രേസ് മാർക്കില്ല

തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകില്ല. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പരീക്ഷ കമ്മിഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി. കഴിഞ്ഞ അദ്ധ്യയന വർഷം സ്‌കൂളുകൾ തുറക്കാത്തതിനാൽ കലാ,​ കായിക മേളകൾ ഉൾപ്പെടെയുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിയില്ല.

മുൻ വർഷങ്ങളിലെ പ്രകടനം വിലയിരുത്തി ഗ്രേസ് മാർക്ക് നൽകാമെന്ന് എസ്.സി.ഇ.ആർ.ടി ശുപാർശ നൽകിയിരുന്നു. എന്നാൽ പാഠ്യേതര പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത സാഹചര്യത്തിൽ ഗ്രേസ് മാർക്ക് നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലാണ് വേണ്ടെന്ന് തീരുമാനിച്ചത്.