സ്വര്‍ണക്കടത്ത് തലവന്‍ ആവിലോറ അബൂബക്കര്‍ കരിപ്പൂർ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി.

കരിപ്പൂർ: സ്വര്‍ണക്കടത്ത് തലവന്‍ കൊടുവള്ളി ആവിലോറ അബൂബക്കര്‍ അറസ്റ്റിലായി. 2018ല്‍ സ്വര്‍ണവുമായി മുങ്ങിയ കാരിയറെ പിടികൂടാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആവിലോറ അബൂബക്കറെ പിടികൂടിയത്.

വര്‍ഷങ്ങളായി വിദേശത്ത് നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ആവിലോറ അബൂബക്കര്‍. 2018 ഓഗസ്റ്റില്‍ അബൂബക്കറും കൂട്ടാളിയായ സമീറും ഷാര്‍ജയില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണം കാരിയര്‍മാരുടെ കയ്യില്‍ കൊടുത്തയച്ചിരുന്നു. എന്നാല്‍ ഏല്‍പ്പിച്ച സ്വര്‍ണവുമായി കാരിയര്‍മാര്‍ മുങ്ങിയതോടെ ഇവരെ കണ്ടെത്താന്‍ അബൂബക്കര്‍ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്തു. കോഴിക്കോട്ടെ കാക്ക രഞ്ജിത്തിനാണ് ഈ ക്വട്ടേഷന്‍ നല്‍കിയത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കാരിയര്‍മാരില്‍ ഒരാളായ ടിങ്കുവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം പിടിച്ചുവാങ്ങി. കാസർകോട്ടെ ഒരു രഹസ്യകേന്ദ്രത്തിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്. ക്വട്ടേഷന്‍ കൊടുത്ത സംഘത്തില്‍ പതിനാല് പ്രതികളാണ് ആകെയുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര്‍ നേരത്ത പിടിയിലായിരുന്നു. മുഖ്യ ആസൂത്രകന്‍ ആവിലോറ അബൂബക്കറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.