പെരിന്തല്‍മണ്ണ സബ് കലക്ടറായി ശ്രീധന്യസുരേഷ് ചുമതലയേല്‍ക്കും

പെരിന്തല്‍മണ്ണ സബ് കലക്ടറായി വയനാട് സ്വദേശി ശ്രീധന്യ സുരേഷ് ഐ.എ.എസ് ഇന്ന് ((ജൂലൈ അഞ്ച്) ചുമതലയേല്‍ക്കും. കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ഒരു വര്‍ഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീധന്യ സുരേഷ് പെരിന്തല്‍മണ്ണ സബ് കലക്ടറാകുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്ക് നേടി വിജയിച്ച ശ്രീധന്യ കേരളത്തില്‍ ആദ്യമായി ഗോത്രവര്‍ഗക്കാരില്‍ നിന്നും സിവില്‍ സര്‍വീസ് നേടുന്ന വ്യക്തിയെന്ന നേട്ടമാണ് കൈവരിച്ചത്. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

 

വയനാട് തരിയോട് നിര്‍മല ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്നാണ് സിവില്‍ സര്‍വീസെന്ന ലക്ഷ്യം കൈവരിച്ചത്. വയനാട് പൊഴുതന സ്വദേശി സുരേഷ്, കമല ദമ്പതികളുടെ മകളാണ്.