കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്‍തു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്‍തു. നിയമം ലംഘിച്ച് വാഹനം ഓടിച്ച യുവാവിനെ നിയമ നടപടിയില്‍ നിന്ന് രക്ഷിക്കാനാണ് പത്തംഗ സംഘം പൊലീസുകാരനെ ആക്രമിച്ചത്. കുവൈത്തില്‍ ഒരാഴ്‍ച മുമ്പ് പട്ടാപ്പകല്‍ ട്രാഫിക് പൊലീസുകാരനെ അക്രമി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ആഘാതം മാറുന്നതിന് മുമ്പാണ് പുതിയ സംഭവം.അമിതമായ ശബ്‍ദം പുറപ്പെടുവിക്കുന്ന തരത്തില്‍ പുകക്കുഴലിന് മാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു വാഹനത്തെ പിന്തുടര്‍ന്നത്. വാഹനമോടിച്ചിരുന്ന യുവാവ് ഒരു പെട്രോള്‍ പമ്പിലേക്ക് വാഹനവുമായി പ്രവേശിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ നിയമനടപടി സ്വീകരിക്കാനായി അടുത്തേക്ക് ചെന്നു. എന്നാല്‍ യുവാവ് പരിസരത്തുണ്ടായിരുന്ന തന്റെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടുകയായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച ശേഷം രക്ഷപ്പെട്ടു.
അറേബ്യന്‍ ഗള്‍ഫ് സ്‍ട്രീറ്റിലെ പെട്രോള്‍ സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥനെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്നുവെന്ന വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതനുസരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. പെട്രോള്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും യുവാക്കള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളുടെ നമ്പറുകളും പിന്തുടര്‍ന്ന് 10 യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‍തു.പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ തിരിച്ചറിയല്‍ രേഖ കാണിച്ചില്ലെന്നും അതുകൊണ്ടാണ് തങ്ങള്‍ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതെന്നുമാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. ഇവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.