സ്വർണ ക്വട്ടേഷന് പുറമേ കരിപ്പൂരിൽ ഹണിട്രാപ്പും, ഇരകളായത് നിരവധി പ്രവാസികൾ, കവർന്നത് ലക്ഷങ്ങൾ

കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂർ സ്വദേശി യാക്കൂബ് എന്നിവരെ അറസ്റ്റുചെയ്തു.

കോഴിക്കോട്: സ്വർണ ക്വട്ടേഷന് പുറമേ കരിപ്പൂരിൽ പ്രവാസി യാത്രക്കാരെ ലക്ഷ്യമിട്ട് ഹണിട്രാപ്പും. വിദേശത്തുനിന്നെത്തുന്ന പ്രവാസികളുമായി സൗഹൃദം സ്ഥാപിച്ചശേഷം അവരെ വിവിധ ഹോട്ടലുകളിലെത്തിച്ച് സ്ത്രീകൾക്കൊപ്പം നിറുത്തി നഗ്നഫോട്ടോ എടുക്കുകയും ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് രീതി. ഗോവ, കർണാടക സ്വദേശികളെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂർ സ്വദേശി യാക്കൂബ് എന്നിവരെ അറസ്റ്റുചെയ്തു. ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കര്‍ണാടകയിൽ ‍മറ്റൊരു കേസിൽ ജയിലിലാണെന്നാണ് പൊലീസ് പറയുന്നത്.

ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം വലയിലായത്. . വിമാനമിറങ്ങുന്ന പ്രവാസികളുമായി യുവതികൾ സൗഹൃദം സ്ഥാപിക്കും. തുടർന്ന് യുവതികൾ ഇരകളുമായി ഏതെങ്കിലും സ്വകാര്യ കേന്ദ്രത്തിലേക്ക് പോകും. സംസാരിച്ചിരിക്കുന്നതിനിടെ അവിടെയെത്തുന്ന സംഘത്തിലെ യുവാക്കൾ ഇവരെ ഒന്നിച്ചുനിറുത്തി നഗ്നഫോട്ടോ എടുക്കും. ഫോട്ടോകൾ പരസ്യപ്പെടുത്താതിരിക്കാൻ പണം നൽകണമെന്നാണ് സംഘത്തിന്റെ ആവശ്യം. നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. നാണക്കേട് ഭയന്നാണ് പലരും പരാതി നൽകാൻ മടിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ അനുകൂല സാഹചര്യം മുതലാക്കി ഇവർ തട്ടിപ്പ് കൂടുതൽ വ്യാപിപ്പിക്കുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു.