പുതിയ കിസ്‌വ കൈമാറി, അറഫ ദിനത്തിൽ കഅ്​ബയെ അണിയിക്കും

ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് രാവിലെ പഴയ കിസ്‌വ മാറ്റി കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും.

മക്ക: വിശുദ്ധ കഅ്​ബയെ അണിയിക്കാനായുള്ള കിസ്‌വ കൈമാറ്റം നടന്നു. സാധാരണ രീതിയിലേത് പോലെ ദുൽഹിജ്ജ ഒന്നിന് തന്നെ മക്കയിൽ നടന്ന ചടങ്ങിൽ സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ രാജ രാജകുമാരനിൽ നിന്നു കഅ്ബയുടെ താക്കോൽ സൂക്ഷിപ്പു ചുമതലയുള്ള അൽ ശൈബി കുടുംബത്തിലെ കാരണവർ ഡോ: സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ അൽ ശൈബിയാണ് കിസ്‌വ ഏറ്റുവാങ്ങിയത്.

മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ രാജകുമാരൻ കഅ്​ബയുടെ മുതിർന്ന പരിചാരകനായ ഡോ: സ്വാലിഹ്​ ബിൻ സൈനുൽ ആബിദീൻ​ അശൈബിക്ക്​ പുതിയ കിസ്​വ കൈമാറുന്നു

മക്ക ഹറം ചീഫ് ഇമാമും ഇരു ഹറം കാര്യാലയം വകുപ്പ് മേധാവിയുമായ ഡോ: അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സുദൈസ് സന്നിഹിതനായിരുന്നു. ദുൽഹജ്ജ് ഒമ്പതിന്​ രാവിലെ അറഫ ദിനത്തിൽ പുതിയ കിസ്​വ കഅ്​ബയെ പുതപ്പിക്കും. ചടങ്ങിൽ മക്ക ഗവർണറുടെ സാന്നിധ്യത്തിൽ ഇരുഹറം കാര്യാലയ മേധാവിയും കഅ്​ബയുടെ താക്കോൽ സൂപ്പിപ്പുകാരനും കൈമാറ്റ രേഖയിൽ ഒപ്പ് വെക്കുകയും ചെയ്‌തു.

ഹാജിമാർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ് ഒമ്പതിന് രാവിലെ പഴയ കിസ്‌വ മാറ്റി കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. നിലവിൽ കഅ്​ബയിലെ കിസ്‌വ ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടിയിട്ടുണ്ട്. പുതിയ കിസ്‌വ അണിയിച്ചാലും ഉയർത്തിക്കെട്ടും. കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ മൂടുന്ന പച്ചപ്പട്ടിന്റെയും പുറംവശത്തെ ചുമരുകള്‍ക്ക് ആവരണം തീര്‍ക്കുന്ന കറുത്ത പട്ടിന്റെയും നിര്‍മാണം ഒരുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.

 

ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉല്ലേഖനം ചെയ്യുന്ന കൈവേല, നെയ്ത്ത്, ചായം പൂശൽ, വിശുദ്ധ വാക്യങ്ങളുടെ പ്രിന്‍റിങ്, കൈകൊണ്ടും യന്ത്രംകൊണ്ടുമുള്ള തുന്നല്‍പണികള്‍, ഓരോ മീറ്ററില്‍ നിര്‍മിച്ചെടുത്ത കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചുള്ള കിസ്‌വ സംയോജനം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് കിസ്‌വ നിര്‍മാണം. 14 മീറ്റര്‍ നീളം വരുന്ന കിസ്‌വയുടെ മേല്‍ഭാഗത്തുള്ള പട്ടക്ക് 47 മീറ്റര്‍ നീളവും 95 സെ.മീ വീതിയുമുണ്ട്. 16 കഷ്ണങ്ങളിലായി തുന്നിച്ചേര്‍ത്ത ഈ മേല്‍പട്ട ഖുര്‍ആന്‍ കാലിഗ്രാഫിയാല്‍ അലംകൃതമാണ്. കഅ്ബയുടെ നാല് ചുവരുകളും വാതിലും ഓരോ ഭാഗം മൂടുന്ന വിധം 5 കഷ്ണങ്ങളായാണ് കിസ്‌വ അണിയിച്ചെടുക്കുന്നത്. ശുദ്ധമായ 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ച്‌ നിർമ്മിക്കുന്ന കിസ്‌വക്ക് 2.2 കോടിയിലേറെ റിയാലാണ് നിർമ്മാണ ചിലവ് .നെയ്​ത്​, എംബ്രോയിഡറി രംഗത്തെ ഏറ്റവും നൂതനമായ സംവിധാനങ്ങളുള്ള കിസ്​വ ഫാക്​ടറിയിൽ 200 ലധികം ജോലിക്കാരുണ്ട്​.