ക്രൂഡ് വില ഇടിഞ്ഞിട്ടും ഇന്ധനവില മേലോട്ട്
കൊച്ചി: അന്താരാഷ്‌ട്ര വിപണിയിൽ ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് (ഇന്ത്യൻ ബാസ്‌കറ്റ്) കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില ഉയർത്തി എണ്ണവിതരണ കമ്പനികൾ. കഴിഞ്ഞവാരം ബാരലിന് 75.97 ഡോളർ വരെ എത്തിയ വില ഇപ്പോൾ 71.66 ഡോളറാണ്. എന്നിട്ടും, ഇന്നലെ പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 102.89 രൂപയായി. ഡീസൽ വില 96.47 രൂപ.
കൊവിഡ് കാലത്ത് ഇതുവരെ പെട്രോളിനും ഡീസലിനും സംസ്ഥാനത്ത് 29 രൂപ വില ഉയർന്നു. 2020 ജൂണിൽ തിരുവനന്തപുരത്ത് പെട്രോൾ വില 72.99 രൂപയായിരുന്നു. ഡീസലിന് 67.19 രൂപ.