കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പിന്തുണയറിയിച്ചതായി മുഖ്യമന്ത്രി

കൂടുതൽ വാക്സിൻ ആവശ്യപ്പെട്ടു,

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ച സൗഹാ‌ർദ്ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് പൂർണമായ പിന്തുണ പ്രധാനമന്ത്രി വാഗ്ദാനം ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന് വലിയ കടൽതീരമുള‌ളതിനാൽ ജലഗതാഗത മേഖലയിൽ സംസ്ഥാനത്തിനുള‌ള സാദ്ധ്യതയെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വികസന പദ്ധതികളായ സിൽവൽ ലൈൻ പദ്ധതി, സെമി ഹൈസ്‌പീഡ് പദ്ധതി എന്നിവ ചർച്ച ചെയ്‌തു.

കേരളത്തിന്റെ ദീർഘകാലമായുള‌ള പ്രധാന ആവശ്യമായ എയിംസ് പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ആരോഗ്യപരമായാണ് ഇതെക്കുറിച്ച് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് പ്രധാനമന്ത്രി അഭിനന്ദിച്ച് സംസാരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിന് സംസ്ഥാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിൽ കേരളത്തിലെ കൊവിഡ് പ്രതിസന്ധി നേരിടാൻ കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വാക്‌സിൻ പാഴാക്കാത്ത സംസ്ഥാനം എന്ന നിലയിൽ മതിയായ പരിഗണന വേണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. 60 ലക്ഷം ഡോസ് വാക്‌സിൻ ഈ മാസം വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

18 വയസിന് മുകളിൽ പ്രായമുള്ള 44 ശതമാനം പേ‍ർക്ക് ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിച്ചിട്ടുണ്ട്. അതുവഴി മാത്രമേ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാകൂ. കേരളത്തിലെ പ്രായാധിക്യമുള്ളവരുടെ എണ്ണം കൂടുതലും പകർച്ചവ്യാധികൾ പല​ഘട്ടങ്ങളിലായി വ്യാപിക്കുന്ന അവസ്ഥയും ആരോ​ഗ്യമേഖലയുടെ കൂടുതൽ ശാക്തീകരണം ആവശ്യപ്പെടുന്ന ഒന്നാണ്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വലിയ തോതിൽ സഹായം വേണമെന്നും അദ്ദേഹത്തെ അറിയിച്ചു.

4500 കോടിയുടെ ജി.എസ്.ടി കോംപൻസേഷൻ അടക്കം സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. ഇതിന്റെ വിതരണം ത്വരിതപ്പെടുത്താനുള്ള നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. അങ്കമാലി – ശബരി റെയിൽപാത പദ്ധതി നടപ്പാക്കാൻ നേരത്തെ തന്നെ ധാരണാപത്രം ഒപ്പിട്ടതാണ്. 2815 കോടി രൂപയാണ് ഈ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൻ്റെ എൺപത് ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വേ​ഗത്തിൽ തന്നെ ആ പദ്ധതി ആരംഭിക്കണമെന്നും പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

 

ഏറ്റവും കൂടുതർ തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഒരു വിമാനത്താവളം വരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിമാനത്താവള പദ്ധതിക്ക് എത്രയും വേഗം അം​ഗീകാരം നൽകണമെന്നും തലശേരി-മൈസൂർ റെയിൽവേ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ നടപടി വേണമെന്നും ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാന സർവീസ് ഉറപ്പാക്കണം. ഇതിനായി കണ്ണൂരിനെ ആസിയാൻ ഓപ്പൺസ്കൈ പദ്ധതിയിൽ ഉൾപ്പെടുത്തണം. കോഴിക്കോട് വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള തടസം നീക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കി.

 

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 4673 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള രണ്ടാം ഘട്ട നിർമ്മാണത്തിനുള്ള അനുമതി ഉടൻ തന്നെ നൽകാമെന്ന് കേന്ദ്ര ന​ഗരവികസനവകുപ്പ് മന്ത്രി ഹർകിഷൻ സിം​ഗ് പുരി അറിയിച്ചു. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടത്തിൽ 11 സ്റ്റേഷനുകളാണുള്ളത്. പ്രാരംഭ നടപടിയായി 260 കോടി കേരള സർക്കാർ പദ്ധതിക്ക് മാറ്റി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.