ഇങ്ങനെയാവണം കേരളാ പൊലീസ്; നിർദ്ദേശങ്ങളുമായി ഡി.ജി.പി അനിൽകാന്ത്
സ്ത്രീ അതിക്രമ പരാതിയിൽ എസ്.എച്ച്.ഒ ഇടപെടണം സാമൂഹ്യമാദ്ധ്യമങ്ങളിൽ പൊലീസ് രാഷ്ട്രീയം പറയേണ്ട പരാതിക്കാരെക്കൊണ്ട് സ്റ്റേഷനറി വാങ്ങിപ്പിക്കരുത്
തിരുവനന്തപുരം: വനിതകൾക്കെതിരായ അതിക്രമ പരാതികൾ കീഴുദ്യോഗസ്ഥരെ ഏല്പിക്കാതെ സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ ഏറ്റെടുത്ത് അടിയന്തരമായി പരിഹരിക്കുകയും പരാതിക്കാരെക്കൊണ്ട് സ്റ്റേഷനറി സാധനം വാങ്ങിപ്പിക്കുന്നതുപോലുള്ള തരംതാണ പരിപാടികൾ അവസാനിപ്പിക്കുകയും ചെയ്യുന്നതടക്കം പുതിയ നിർദേശങ്ങൾ മുന്നോട്ടുവച്ച് സംസ്ഥാന പൊലീസിന് പുതുമുഖം നൽകാൻ ഡി.ജി.പി അനിൽകാന്ത്. കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള നടപടികൾ നിർദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളുടെ സംരക്ഷകരാകേണ്ട പൊലീസ് കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാൽ കർശന നടപടി സ്വീകരിക്കും.
പരാതി ലഭിച്ചാലുടൻ നടപടികൾ സ്വീകരിക്കുകയും അതിക്രമത്തിന് ഇരയാകുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. രാഷ്ട്രീയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭിപ്രായം പറയരുത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ സ്വകാര്യ അക്കൗണ്ട് തുടങ്ങാൻ ഔദ്യോഗിക ഇ-മെയിൽ വിലാസവും ഫോൺ നമ്പറും ഉപയോഗിക്കരുത്.
സ്റ്റേഷനുകളിലെത്തുന്നവരുടെ പരാതി ഇൻസ്‌പെക്ടർ നേരിട്ട് കേൾക്കണം. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്.ഐ.ആർ ഫയൽ ചെയ്യണം. ഇക്കാര്യം സ്റ്റേഷൻ ഹൗസ് ഓഫീസറോ ഡിവൈ.എസ്.പിയോ നിരീക്ഷിക്കണം. പരാതികൾക്ക് കൈപ്പറ്റ് രസീത് നൽകുന്നുവെന്ന് ഉറപ്പാക്കണം.
സ്റ്റേഷനുകളിൽ വേണ്ട സ്റ്റേഷനറി സാധനങ്ങൾ പരാതിക്കാരെക്കൊണ്ട് വാങ്ങിപ്പിക്കുന്നത് ഒഴിവാക്കണം. ഇവ വാങ്ങാൻ സ്റ്റേഷനുകൾക്ക് പെർമനന്റ് അഡ്വാൻസായി 5,000 രൂപ നൽകും.
അറസ്റ്റിലാകുന്നവരുടെയും സ്റ്റേഷനുകളിൽ രാത്രി കഴിയുന്നവരുടെയും പൂർണവിവരം ഡിവൈ.എസ്.പിമാർ അറിയണം. അനധികൃത കസ്റ്റഡിയില്ലെന്ന് ഉറപ്പാക്കാനാണിത്. അറസ്റ്റിലാകുന്നവരുടെ വൈദ്യപരിശോധന പൂർത്തിയാക്കി നിശ്ചിത സമയത്തിനകം കോടതിയിൽ ഹാജരാക്കണം.
കേസ് രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ഇൻസ്‌പെക്ഷൻ മെമ്മോ തയ്യാറാക്കണം. നാട്ടുകാർ പിടികൂടി ഏൽപ്പിക്കുന്ന കുറ്റവാളികളുടെ ദേഹപരിശോധന നടത്തി പരിക്കുകൾ കണ്ടെത്തിയാൽ വിവരം ഇൻസ്‌പെക്ഷൻ മെമ്മോയിൽ രേഖപ്പെടുത്തണം. വൈദ്യപരിശോധന നടത്തി തുടർനടപടിയെടുക്കണം.
മറ്റ് നിർദ്ദേശങ്ങൾ
- ക്രിമിനലുകളെ ചോദ്യം ചെയ്യുമ്പോൾ സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും സാന്നിധ്യം നിർബന്ധം
- പൊലീസ് സ്‌ക്വാഡും, ഷാഡോ പൊലീസും പിടികൂടുന്ന ക്രിമിനലുകളെ ചോദ്യം ചെയ്യാൻ ഹൗസ് ഓഫീസർമാർ മടിക്കരുത്
- ഷാഡോ ടീം ചോദ്യം ചെയ്യുന്നത് മിക്കപ്പോഴും കൊടിയ പീഡനങ്ങളിൽ കലാശിക്കുന്നു
- പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുന്നവർ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണം
- സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ ജില്ലാ പൊലീസ് മേധാവിയും ഡിവൈ.എസ്.പിയും ശ്രദ്ധിക്കണം
- രാവിലെയും വൈകിട്ടുമുള്ള സാറ്റ കോൺഫറൻസും, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചുമായുള്ള സമ്പർക്കവും ശക്തിപ്പെടുത്തണം