കടകളുടെ പ്രവർത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി,അവലോകന യോഗത്തിലെ തീരുമാനങ്ങൾ
ടി പി ആര്‍ നിരക്ക് പത്തില്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. കടകളുടെ പ്രവര്‍ത്തനസമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകള്‍ ഉള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസവും ഇടപാടുകാര്‍ക്ക് പ്രവേശനം നല്‍കാനും തീരുമാനമായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമാവില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും അവലോകന യോഗം തീരുമാനിച്ചു. ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ,ബി,സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളിൽ എല്ലാത്തരം കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ എട്ടുമണിവരെ തുറക്കാനാണ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. ഡി വിഭാഗത്തിൽ ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രി ഏഴ് മണിവരെ കടകള്‍ തുറക്കാം. കഴിഞ്ഞ ദിവസം വ്യാപാരികള്‍ എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ടി പി ആര്‍ നിരക്ക് പത്തില്‍ കുറയാത്ത സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യം പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പ്രത്യേക യോഗം വിളിക്കും.