ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുനക്രമീകരണം; മന്ത്രിസഭ യോഗ തീരുമാനം വഞ്ചനാപരം: പികെ കുഞ്ഞാലിക്കുട്ടി
ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നു. കേരളത്തില്‍ മാത്രം ഒഴിവാക്കുന്നു.
മലപ്പുറം: മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പ് ദുര്‍ബലപ്പെടുത്തി ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള അനുപാതം പുനക്രമീകരിക്കാനുള്ള മന്ത്രിസഭ യോഗ തീരുമാനം വഞ്ചനാപരമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പികെ കുഞ്ഞാലിക്കുട്ടി. മന്ത്രിസഭ യോഗത്തോടുകൂടി മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹാരിക്കാന്‍ നടപ്പിലാക്കിയ സംവരണം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുകയാണ്. രാജ്യത്തെ മുസ്‌ലിംങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ സ്‌കോളര്‍ഷിപ്പിന്റെ പേരില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി അത് മുടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യംമുതലേ ശ്രമിച്ചത്. സമുദായ സംഘടനകളെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യാനാണ് ഇടതുസര്‍ക്കാര്‍ ശ്രമം.
മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും മുസ്‌ലിം സമുദായത്തിന് കിട്ടികൊണ്ടിരിക്കുന്ന ആനുകൂല്യമാണ് കേരള സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നത്. മറ്റ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കുന്നതിന് ആരും തന്നെ എതിരല്ല. എന്നാല്‍ അതിനായി സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം നടപ്പിലാക്കിയ ആനുകൂല്യങ്ങള്‍ എന്തിനാണ് ഇല്ലാതാക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങള്‍ മുസ്‌ലിം സമുദായത്തിന് നല്‍കുകയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ മുസ്‌ലിം സമുദായത്തിന് ന്യായമായും കിട്ടി കൊണ്ടിരുന്ന ആനുകൂല്യം നിര്‍ത്തലാക്കുകയല്ല വേണ്ടത്. മുസ്‌ലിംഗങ്ങക്ക് ആനൂകുല്യങ്ങള്‍ നല്‍കുന്നതിന് ഇതര സമുദായങ്ങള്‍ എതിരല്ല. സര്‍ക്കാറാണ് ഇവിടെ തമ്മില്‍ തല്ലിപ്പിക്കുന്നത്. വിഷയം അനാവശ്യവിവാദത്തിലേക്ക് തിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സച്ചാര്‍ കമ്മി്റ്റി ശുപാര്‍ശയെ തുടര്‍ന്നാണ് സംവരണം നടപ്പിലാക്കിയിരുന്നതെന്ന് മറ്റ് സമുദായങ്ങള്‍ കൂടി അംഗീകരിച്ചതാണ്. ആരോഗ്യകരമല്ലാത്ത ചര്‍ച്ചക്ക് സര്‍ക്കാര്‍ കോപ്പ്കൂട്ടുകയാണ്. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ പാലോളി കമ്മിറ്റിയെ നിയോഗിച്ച് ഞങ്ങളാണ് ഇവിടെ മുസ്‌ലിംങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയതെന്ന് പറഞ്ഞവര്‍ തന്നെയാണ് ഇന്നത് നിര്‍ത്തലാക്കിയതും. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന സമുദായങ്ങളെ തമ്മിലടിപ്പിച്ചാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സര്‍വ്വകക്ഷി യോഗത്തില്‍ കാര്യങ്ങളുടെ ഗൗരവം മുസ്‌ലിംലീഗ് ഉന്നയിച്ചതാണ്. വിവിധ മത സംഘടന നേതാക്കളോടും പണ്ഡിതരോടും സംസാരിച്ചപ്പോഴും അവരാരും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങള്‍ മുസ്‌ലിം സമുദായത്തിന് നല്‍കുന്നതിന് എതിരല്ല എന്നാണ് മനസ്സിലായത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തമ്മില്‍ തല്ലിക്കാനാണ് ഉത്സാഹം കാണിച്ചത്. കോടതി വിധി വന്നതിന് പിറകെ തന്നെ സംവരണം പൂര്‍ണ്ണമായും നിര്‍ത്താനാണ് സര്‍ക്കാര്‍ തിടുക്കം കാണിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാറിന് അപ്പീല്‍ പോകാമായിരുന്നു. ഒരു പ്രത്യേക മതവിഭാഗം മാത്രം എന്നും വഞ്ചിക്കപ്പെടുന്നു എന്നത് വളരെ ദുഖകരമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നു. കേരളത്തില്‍ മാത്രം ഒഴിവാക്കുന്നു. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വാദങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കുമൊന്നും ബോധ്യപ്പെട്ടിട്ടില്ല. കോവിഡില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് തന്നെയാണ് വിദഗ്ദരെല്ലാം പറയുന്നത്. തലതിരിഞ്ഞ നയങ്ങളുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ പ്രതികരണം രൂക്ഷമായിരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു.