ഓട്ടോ ബസ് തൊഴിലാളികളെയും നിയമം പാലിക്കുന്നവരെയും പെരുന്നാൾ ഊട്ടി മോട്ടോർ വാഹന വകുപ്പ്.
റോഡ് സുരക്ഷാ സന്ദേശം കുടുംബങ്ങളിലെത്തിക്കാൻ ജില്ലയിൽ തന്നെ ആദ്യമായി വ്യത്യസ്ത പരിപാടികളുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്
തിരൂരങ്ങാടി:കൊവിഡിൽ പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവർമാർക്കും ബസ് തൊഴിലാളികൾക്കും,നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കും പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പിന്റെ ഭക്ഷണക്കിറ്റ്.
തിരൂരങ്ങാടി മോട്ടോർ വാഹനവകുപ്പാണ് നിയമം പാലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായും കോവിഡിൽ പ്രതിസന്ധിയിലായ തൊഴിലാളികൾക്ക് ചെറിയ കൈത്താങ്ങായാണ് തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ ഓഫീസിലെ ജീവനക്കാർ രണ്ടു ദിവസത്തെ വേതനം മാറ്റിവെച്ചാണ് പെരുന്നാൾ ഭക്ഷണ കിറ്റുകൾ നൽകുന്നത്. നിയമ പാലനത്തിന് പ്രോത്സാഹനം നൽകുന്നതിന്റെയും ജനസേവനത്തിന്റെയും ഭാഗമാണിത്.
തിരൂരങ്ങാടി താലൂക്ക് പരിധിയിലെ ചെമ്മാട്, വേങ്ങര, ഊരകം, കോട്ടയ്ക്കൽ, ചങ്കുവെട്ടി,കക്കാട്, പൂക്കിപ്പറമ്പ്, മൂന്നിയൂർ, ചേളാരി കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം. ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ചരക്ക് വാഹനങ്ങളിലെ തൊഴിലാളികൾ, വാഹനങ്ങളിൽ നിയമം പാലിച്ച് എത്തുന്നവർ എന്നിവർക്കാണ് കിറ്റുകൾ നൽകുന്നത്.
ബിരിയാണിക്ക് ആവശ്യമായ അരി, ബിരിയാണി മസാല, നെയ്യ് അണ്ടിപരിപ്പ്, ഉണക്ക മുന്തിരി തുടങ്ങിയ വിഭവങ്ങളാണ് നൽകിയത്. കഴിഞ്ഞ വിഷുവിന് സദ്യക്കും കണി കാണാനുള്ള വിഭവങ്ങൾ നൽകിയും, ഓണത്തിന് പായസ കിറ്റുകൾ നൽകിയും ക്രിസ്മസ് ആഘോഷങ്ങൾക്ക് നിരത്തിൽ നിയമം പാലിച്ചവർക്ക് കേക്കുകൾ നൽകിയും വ്യത്യസ്തമായ രീതിയിൽ റോഡ് സുരക്ഷാ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിച്ചിരുന്നു.
നിയമം പാലിച്ച് വാഹനമോടിക്കുന്നവർ അപകടത്തിൽപെടാതെ കുടുംബത്തിൽ തിരിച്ചെത്തുമെന്നുള്ള പൂർണ്ണ വിശ്വാസം ഉണ്ട്. അതുകൊണ്ടുതന്നെ അവർ വിശേഷ ദിവസങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കട്ടെ. അതിന് ഒരു ചെറിയ പ്രോത്സാഹനം എന്ന നിലയിലാണ് കിറ്റ് വിതരണം എന്ന് അധികൃതർ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കർമ്മ സജ്ജരായിരുന്നു.
ദീർഘദൂര വാഹന യാത്രക്കാർക്കും, ഓക്സിജൻ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്കും ഭക്ഷണ കിറ്റുകൾ നൽകിയും, ലോക് ഡൗൺ ഇളവുകൾ ലഭിച്ചതോടെ നിരത്തിലിറങ്ങിയ ബസുകൾ ബസ് സ്റ്റാൻഡുകൾ ഓട്ടോകൾ അണുവിമുക്തമാക്കിയും, മാസ്ക് സാനിറ്ററി എന്നിവ സൗജന്യമായി നൽകിയും മാതൃകാ പ്രവർത്തനങ്ങളാണ് തിരൂരങ്ങാടി ഉദ്യോഗസ്ഥർ കാഴ്ചവച്ചത്. തിരൂരങ്ങാടി ജോയിൻ്റ് ആർ.ടി.ഒ എസ്.എ. ശങ്കര പിള്ള, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ പ്രമോദ് ശങ്കർ, പി.എച്ച് ബിജുമോൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. സന്തോഷ് കുമാർ, ടി പി സുരേഷ് ബാബു, ഷാജിൽ കെ രാജ്, വി.കെ. സജിൻ, എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
റോഡ് സുരക്ഷ സന്ദേശങ്ങൾ കുടുംബങ്ങളിലെത്തിക്കാൻ ജില്ലയിൽ തന്നെ ആദ്യമായാണ് ഇത്തരം വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കുന്നത്. ചാറ്റൽമഴയും കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ നിരത്തിലിറങ്ങുന്ന ഡ്രൈവർമാർ അതീവജാഗ്രത പുലർത്തണമെന്നും മരച്ചുവടുകളിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകി.