നിയന്ത്രണങ്ങളോട് സഹകരിക്കും, മതനേതാക്കള്‍

പനിയോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ഉള്ളവര്‍ പള്ളിയിലോ ബലികര്‍മ്മം നടത്തുന്നിടത്തോ മറ്റ് പൊതു ഇടങ്ങളിലോ പോവാന്‍ പാടില്ല.

ബലി പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ എല്ലാ പള്ളികളിലും ആരാധനാലയങ്ങളിലും സ്വീകരിക്കുമെന്ന് വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ ഉറപ്പ് നല്‍കി. സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങള്‍ മഹല്ലുകളില്‍ നടപ്പാക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വലിയ പെരുന്നാളിനോടനുബന്ധിച്ച് നല്‍കിയ ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്ത് രോഗവ്യാപനമുണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കുന്നതിന് ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മീഷണര്‍ എസ്. പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പരമാവധി 40 പേര്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്ന് മഹല്ല് കമ്മിറ്റി ഉറപ്പ് വരുത്തും. വീട്ടില്‍ നിന്ന് തന്നെ വുളൂ (അംഗ ശുദ്ധി) എടുത്തായിരിക്കണം വിശ്വാസികള്‍ പള്ളിയിലെത്തേണ്ടത്. ബലികര്‍മ്മത്തിനായി വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. പങ്കെടുക്കുന്നവര്‍ ആന്റിജന്‍/ആര്‍.ടി പി.സി ആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരോ വാക്‌സിന്‍ സ്വീകരിച്ചവരോ ആവണം. മാംസം കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളിലേക്കെത്തിക്കണം.

പെരുന്നാള്‍ നിസ്‌ക്കാരത്തിന് ശേഷം ഖാസി/ഖത്തീബുമാര്‍ കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ ബോധവല്‍കരണം പള്ളികളില്‍ നടത്തുമെന്നും യോഗത്തില്‍ അറിയിച്ചു. പനിയോ മറ്റേതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ ഉള്ളവര്‍ പള്ളിയിലോ ബലികര്‍മ്മം നടത്തുന്നിടത്തോ മറ്റ് പൊതു ഇടങ്ങളിലോ പോവാന്‍ പാടില്ല. പള്ളികളില്‍ സാമൂഹിക അകലവും കോവിഡ് മാര്‍ഗ നിര്‍ദേശവും പാലിക്കണം.

10 വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ജീവിത ശൈലീ രോഗങ്ങളുള്ളവരും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളില്‍ കൂടുതല്‍ രോഗവ്യാപനമുണ്ടാവുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

പെരുന്നാളിനോടനുബന്ധിച്ച് ബന്ധുവീടുകളിലെ സന്ദര്‍ശനം, ആലിംഗനം, പരസ്പരം കൈ കൊടുക്കല്‍, അടുത്ത് നിന്ന് സംസാരിക്കല്‍ എന്നിവ ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ത്ഥിച്ചു. കുടുംബത്തിലുള്ള എല്ലാവരും ഷോപ്പിങിന് പോകുന്ന പ്രവണത ഒഴിവാക്കണം. സാധനങ്ങള്‍ വാങ്ങുന്നതിന് ഒരാള്‍ മാത്രം പോകുന്നതാണ് നല്ലത്.

ഷോപ്പിങ് മാളുകളിലും പൊതുനിരത്തുകളിലും ബസുകളിലും തിരക്കുണ്ടാവുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കും. രണ്ടാം തരംഗത്തില്‍ ഗുരുതരാവസ്ഥയില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതും മരണനിരക്ക് കൂടിയതും പരിഗണിച്ച് ഓരോരുത്തരും സ്വയം നിയന്ത്രണത്തിന് തയ്യാറാവണമെന്ന് ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് അഭ്യര്‍ത്ഥിച്ചു.

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും ജില്ലയിലെ വാക്‌സിനേഷന്‍ തോത് വര്‍ധിപ്പിക്കുന്നതിനും എം.എല്‍എമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. ഈ യോഗത്തില്‍ മതനേതാക്കളെയും പങ്കെടുപ്പിക്കും.

 

വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് കൂറ്റംപാറ അബദുറഹിമാന്‍ ദാരിമി, ഹാഷിം ഹാജി, കുഞ്ഞിപ്പ മാസ്റ്റര്‍, മുഹമ്മദ് ഷാഫി, നാസര്‍, സദറുദ്ദീന്‍ നടുവത്ത് കുണ്ടില്‍, സെയ്‌നുദ്ദീന്‍ പാലൊളി, സിദ്ദി കോയ, പി.പി.മുഹമ്മദ്, അബ്ദുല്‍ ലത്തീഫ് ഫൈസി, എം. അബ്ദുള്ള, അബ്ദുസമദ് പൂക്കോട്ടൂര്‍, ടി. പി അഹമ്മദ് സലീം, ആനമങ്ങാട് ഫൈസി, ഡോ. പി. പി മുഹമ്മദ്, ജമാല്‍ കരുളായി, ഹസീബ് മാനു തുടങ്ങിയവരും എ.ഡി.എം ഇന്‍ ചാര്‍ജ എം.സി റജില്‍, ഡി.ഡി.പി ഷാജി ജോസഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി. എസ് രാധേഷ്, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.