താനൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം നടന്നു
മൊബൈൽ പരിശോധന യൂണിറ്റുകൾ വഴി വീടുകളിലേക്കെത്തി പരിശോധന നടത്തുക എന്നത് പ്രാവർത്തികമാക്കും.
താനൂർ: താനൂർ നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗം നടന്നു. താനൂർ നഗരസഭ, ഒഴൂർ, നിറമരുതൂർ ചെറിയമുണ്ടം പൊന്മുണ്ടം താനാളൂർ പഞ്ചായത്തുകളിലാണ് പ്രത്യേക യോഗങ്ങൾ ചേർന്നത്.

തദ്ദേശസ്ഥാപന പ്രസിഡന്റുമാരുടെ അധ്യക്ഷതയിലായിരുന്നു യോഗങ്ങൾ ചേർന്നത്. അതാത് സ്ഥലങ്ങളിൽ അടിയന്തമായി സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. പരിശോധനകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനും അതുവഴി സമൂഹത്തിലെ മുഴുവൻ രോഗികളേയും കണ്ടെത്തി സമൂഹ വ്യാപനം ഒഴിവാക്കാനും ടെസ്റ്റ് പോസ്സിറ്റിവിറ്റി നിരക്ക് കുറച്ചു കൊണ്ടുവരാനും അടിയന്തരനടപടികൾ സ്വീകരിക്കാൻ തിരുമാനമായി.
മൊബൈൽ പരിശോധന യൂണിറ്റുകൾ വഴി വീടുകളിലേക്കെത്തി പരിശോധന നടത്തുക എന്നത് പ്രാവർത്തികമാക്കും. ഇതോടൊപ്പം വാക്സിനേഷൻ വർധിപ്പിക്കും.
കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ഉറപ്പ് നൽകി.
താനൂർ നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ യൂസഫ്, പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് കെ ഹാജറ, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ, നിറമരുതൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സജിമോൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു. യോഗങ്ങളുടെ തുടർച്ചയായി ‘ഐ ആം ടെസ്റ്റഡ്, ഐ ആം സേഫ് ‘ എന്ന ടാഗ് ലൈനിൽ കോവിഡ് പരിശോധന ക്യാംപയിനും തുടക്കമായി