ഒരു വർഷത്തിനിടെ പെട്രോൾ – ഡീസൽ നികുതിയിനത്തിൽ കേന്ദ്രം സമ്പാദിച്ച തുക 3.35 ലക്ഷം കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ പെട്രോൾ – ഡീസൽ എക്സൈസ് നികുതിയിനത്തിൽ നിന്നും സമ്പാദിച്ചത് 3.35 ലക്ഷം കോടി രൂപ. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായി പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വർ ടെലിയാണ് ഇക്കാര്യം അറിയിച്ചത്. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലഘട്ടത്തെ കണക്കാണിത്. ഇതനുസരിച്ച് ഏകദേശം 88 ശതമാനത്തിന്റെ അധിക വരുമാനമാണ് കേന്ദ്രത്തിന് ഈ കാലയളവിൽ ഇന്ധനനികുതിയിനത്തിൽ നിന്ന് മാത്രം ലഭിച്ചത്. ഇതിനു മുമ്പിലത്തെ വർഷം1.78 ലക്ഷം കോടി രൂപയാണ് എക്സൈസ് നികുതിയിനത്തിൽ പെട്രോൾ പമ്പുകളിൽ നിന്ന് സർക്കാരിന് ലഭിച്ചത്.

പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 19.98 രൂപയിൽ നിന്ന് 32.9 രൂപയായും ഡീസലിന്റേത് 15.83 രൂപയിൽ നിന്ന് 31.8 രൂപയായും കഴിഞ്ഞ വർഷം ഉയർത്തിയിരുന്നു.