വൈദ്യുതി നിയമഭേദഗതിക്കെതിരെ വൈദ്യുതി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു

വൈദ്യുതി നിയമ (ഭേദഗതി) ബില്‍ പാസ്സാക്കുന്നതിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികളെ പ്രവേശിപ്പിക്കുവാനാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ശ്രമിക്കുന്നത്.

മലപ്പുറം : ജൂലൈ19നും ആഗസ്റ്റ് 13നും ഇടയില്‍ തുടങ്ങുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വൈദ്യുതി (ഭേദഗതി )ബില്‍ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 10ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുവാന്‍ നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&എഞ്ചിനീയേഴ്‌സ്(എന്‍സിസിഒഇഇഇ)നാഷണല്‍ ചാപ്റ്റര്‍ തീരുമാനിച്ചിരിക്കുന്നു. പണിമുടക്കിന് മുന്നോടിയായി, പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 19ന് രാജ്യവ്യാപകമായി ജില്ലാസംസ്ഥാന കേന്ദ്രങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റ്് ഓഫീസുകള്‍ക്ക് മുമ്പില്‍ വമ്പിച്ച പ്രതിഷേധ റാലി നടത്തും. കേരളത്തില്‍ 1000 കേന്ദ്ര ഗവണ്‍മെന്റ്് ഓഫീസുകള്‍ക്ക് മുന്‍പില്‍ കേന്ദ്ര ഗവണ്‍മെന്റിനെ പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യും. ജൂലൈ 19നും ആഗസ്റ്റ് 9നും ഇടയില്‍ രാജ്യവ്യാപകമായി സംയുക്തമായ പ്രകടനങ്ങളും വമ്പിച്ച റാലികളും നടത്തും. ബഹുജനങ്ങള്‍ക്കിടയില്‍ വിപുലമായ ബോധവല്‍ക്കരണം നടത്തും. നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മുഴുവന്‍ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസുകള്‍ കൊടുക്കും. പണിമുടക്ക് നോട്ടീസ് കൊടുക്കുന്ന ജൂലൈ 27ന് മുഴുവന്‍ ഇലക്ട്രിസിറ്റി ഓഫീസുകളിലുമുള്ള ജീവനക്കാര്‍ തെരുവിലിറങ്ങി പ്രകടനം നടത്തും. ജൂലൈ 29ന് സംസ്ഥാന തലത്തില്‍ കര്‍ഷകര്‍, ഇതര മേഖലയിലുള്ള തൊഴിലാളി സംഘടനകള്‍, വിദ്യാര്‍ഥി യുവജനസംഘടനകള്‍, അധ്യാപക സര്‍വീസ് സംഘടനകള്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, പൗരപ്രമുഖര്‍ തുടങ്ങി സമൂഹത്തിലെ നാനാ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്തും. കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയം കേന്ദ്ര ഊര്‍ജമന്ത്രിക്ക് അയച്ചുകൊടുക്കും. ജൂലൈ 27ന് എന്‍.സി.സി.ഒ.ഇ.ഇ.ഇ നേതാക്കള്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം ചോദിക്കും. അനുവാദം തന്നില്ലെങ്കില്‍ ശ്രമ ശക്തി ഭവന് മുമ്പില്‍ ധര്‍ണ്ണ നടത്തും. ആഗസ്റ്റ് 3, 4, 5, 6, തീയ്യതികളില്‍ യഥാക്രമം ഉത്തര, പൂര്‍വ, പശ്ചിമ, ദക്ഷിണ മേഖലാ സംസ്ഥാനങ്ങളിലെ എന്‍.സി.സി.ഒ.ഇ.ഇ.ഇ നേതാക്കള്‍ ഡല്‍ഹിയില്‍ ശ്രമ ശക്തി ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തും. സമീപ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരും ധര്‍ണ്ണയില്‍ പങ്കെടുക്കും. ആഗസ്റ്റ് 10ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും.

മലപ്പുറത്ത് സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എ കെ വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി നിയമ (ഭേദഗതി) ബില്‍ പാസ്സാക്കുന്നതിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ കമ്പനികളെ പ്രവേശിപ്പിക്കുവാനാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ശ്രമിക്കുന്നത്. ഒരു പ്രദേശത്ത് തന്നെ ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കും. ഇനിമുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ടതില്ല. കമ്പനികള്‍ സംസ്ഥാന റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം നടത്തണമെന്നുണ്ടെങ്കില്‍ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. സംസ്ഥാനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകുകയില്ല. ഇങ്ങനെ വരുന്ന സ്വകാര്യ കമ്പനികള്‍ നല്ലതോതില്‍ ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളെയും കയ്യടക്കും. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കാര്‍ഷിക, ചെറുകിട, വ്യവസായിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി വിതരണം നടത്തേണ്ട ബാധ്യത, പൊതുമേഖലാ കമ്പനികളുടേതായി മാറും. ഇതോടെ പൊതുമേഖലാ കമ്പനികള്‍ തകരും. ജീവനക്കാര്‍ പിരിച്ചുവിടപ്പെടും. ക്രോസ്സ് സബ്‌സിഡി എടുത്തുകളയുന്നതോടെ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് പലമടങ്ങ് വര്‍ദ്ധിക്കും. പാവപ്പെട്ടവര്‍ വൈദ്യുതി കണക്ഷന്‍ ഉപേക്ഷിക്കേണ്ടി വരും.കര്‍ഷകര്‍ക്കും സൂക്ഷ്മചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാവും. ഇത് രാജ്യത്തിന്റെ ഉദ്പ്പാദന മേഖലയെ മുരടിപ്പിക്കും. തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന് ഇടയാക്കും.