ഡി കാറ്റഗറിയിൽ ഇളവ് എന്തിന്? രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; സുപ്രീം കോടതി
ന്യൂഡൽഹി: കൊവിഡ് ഭീഷണി നിലനിൽക്കെ ബക്രീദിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള കൊവിഡ് ഇളവുകൾ ദയനീയമാണെന്ന് കോടതി വിമർശിച്ചു.

മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദത്തിന് വഴിപ്പെടരുതായിരുന്നു. കൊവിഡ് വ്യാപനം കൂടിയ ഇടങ്ങളിൽ ഇളവ് നൽകിയത് തെറ്റായിപ്പോയി. കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവ് ഭീതിപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി.

ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കരുതെന്ന താക്കീതും കോടതി നൽകി. നേരത്ത ഹർജി നൽകിയിരുന്നെങ്കിൽ ഇളവുകൾ റദ്ദാക്കുമായിരുന്നു. വൈകിയ വേളയിൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും സുപ്രീം കോടതി അറിയിച്ചു.അതേസമയം നിലവിലെ സ്ഥിതി വിലയിരുത്തിയാണ് ഇളവുകൾ നൽകിയതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം.

നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെതിരെ ഡൽഹി മലയാളി പി.കെ.ഡി. നമ്പ്യാർ ആയിരുന്നു ഹർജി സമർപ്പിച്ചത്. സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കേരളം സത്യവാങ്‌മൂലം സമർപ്പിച്ചത്.