ഇസ്‌ഹാഖിന്റെ കുടുംബത്തിനുള്ള വീട്‌ കൈമാറി


താനൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ താനൂര്‍ അഞ്ചുടിയിലെ കുപ്പന്റെ പുരക്കല്‍ ഇസ്‌ഹാഖിന്റെ കുടുംബത്തിന്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന കമ്മിറ്റി നിര്‍മിച്ച വീട്‌ വൈകീട്ട്‌ നാലിന്‌ നടന്ന ലളിതമായ ചടങ്ങില്‍ പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ കൈമാറി. 2019 ഒകേ്‌ടാബര്‍ 24ന്‌ ഇശാ ജമാഅത്തില്‍ പങ്കെടുക്കാന്‍ പള്ളിയിലേക്ക്‌ പോവുകയായിരുന്ന ഇസ്‌ഹാഖിനെ പള്ളിക്കും വീടിനുമിടയില്‍ വെച്ചാണ്‌ വെട്ടിക്കൊലപ്പെടുത്തിയത്‌.
നാട്ടിലെ ഒരു സംഘര്‍ഷത്തിലും പങ്കാളിയല്ലാതിരുന്ന, മത്സ്യബന്ധനം നടത്തി കുടുംബം പോറ്റിയിരുന്ന നിഷ്‌കളങ്കനായ ഒരു ചെറുപ്പക്കാരന്റെ ജീവനാണ്‌ രാത്രിയുടെ മറവില്‍ പതിയിരുന്ന അക്രമി സംഘം കവര്‍ന്നെടുത്തത്‌.

സ്വന്തം മകന്റെ അറ്റു തൂങ്ങിയ ശരീര ഭാഗങ്ങള്‍ കണ്ട്‌ അലമുറയിട്ടു കരഞ്ഞ ഉമ്മ കുഞ്ഞിമോളുടെ മുഖം മലയാളി ഇനിയും മറന്നിട്ടില്ല. നിയമസഭക്കകത്തും പുറത്തും വലിയ രീതിയിലാണ്‌ ഈ ക്രൂരമായ കൊലപാതകം ചര്‍ച്ചയായത്‌. 2019 നവംബര്‍ ഒന്നിന്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന കമ്മിറ്റി നടത്തിയ ഏകദിന ധനസമാഹാരണത്തിലൂടെ ലഭിച്ച ഫണ്ട്‌ ഉപയോഗിച്ചു നിര്‍മിച്ച വീടിന്റെ മുഴുവന്‍ പണികളും ഇതിനോടകം പൂര്‍ത്തിയായിരിക്കുന്നു.
രണ്ടു നിലകളിലായി 1869 സ്‌ക്വയര്‍ ഫീറ്റ്‌ വീടാണ്‌ ഇസ്‌ഹാഖിന്റെ കുടുംബത്തിനായി നിര്‍മിച്ചിരിക്കുന്നത്‌. രണ്ട്‌ ബെഡ്‌റൂം , സിറ്റ്‌ ഔട്ട്‌, ലിവിംഗ്‌ ഏരിയ, ഡൈനിംഗ്‌ ഏരിയ, കിച്ചണ്‍, വര്‍ക്ക്‌ ഏരിയ എന്നിവയടങ്ങിയ 1158 സ്‌ക്വയര്‍ ഫീറ്റ്‌ ഗ്രൗണ്ട്‌ ഫ്‌ലോറും, രണ്ട്‌ ബെഡ്‌ റൂം, അപ്പര്‍ ലിവിംഗ്‌, ബാല്‍ക്കണിയുമടങ്ങിയ 711 സ്‌ക്വയര്‍ഫീറ്റ്‌ ഫസ്‌റ്റ് ഫ്‌ലോറും എന്ന രീതിയിലാണ്‌ വീടിന്റെ നിര്‍മാണം നടന്നിരിക്കുന്നത്‌. ചുറ്റു മതിലും വിശാലമായ മുറ്റവും ഇന്റര്‍ലോക്ക്‌ ചെയ്‌ത് ക്രമീകരിച്ചിരിക്കുന്നു. 2020 ഫെബ്രുവരി ആറിന്‌ യൂത്ത്‌ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ വീടിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു. മാര്‍ച്ച്‌ 13ന്‌ വീടിന്റെ കട്ടിള വെക്കലും നടന്നു. താനൂരിലെ പ്രമുഖ നിര്‍മാണ വിഭാഗമായ ബെയിസ്‌മാര്‍ക്‌ എഞ്ചിനിയറിങ്‌ ആന്‍ഡ്‌ കണ്‍സ്‌ട്രക്ഷന്‍സാണ്‌ വീടിന്റെ നിര്‍മാണം നടത്തിയത്‌. വീട്‌ നിര്‍മാണവുമായി സഹകരിക്കുകയും സഹായിക്കുയും ചെയ്‌ത മുഴുവനാളുകളോടും മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും നന്ദി രേഖപ്പെടുത്തി.