കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ചുഡി വിഭാഗം പൂര്‍ണ്ണ കണ്ടെയ്ന്‍മെന്റ് സോണ്‍

കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയും ഉത്തരവിറക്കിയത്. കോവിഡ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണ കണ്ടെയ്ന്‍മെന്റ് സോണായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരും.കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളാണ് അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 10 മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ അതിവ്യാപന മേഖലയായ സി വിഭാഗത്തിലും അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ഉള്‍പ്പെടും. അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെയാണ് വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗമായി കണക്കാക്കുക. ഈ നാല് വിഭാഗങ്ങളിലും ഏര്‍പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. വ്യാഴാഴ്ച (2021 ജൂലൈ 22) മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. നാലു വിഭാഗങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുണ്ടെന്ന് പോലിസ്, തദ്ദേശഭരണ സ്ഥാപന അധികാരികള്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും.