മലപ്പുറം ജില്ലയുടെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ. ചാലിയാറും പുന്നപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നതിനാൽ തീരത്തു താമസിക്കുന്ന കുടുംബങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നല്‍കി. പുന്നപ്പുഴയിലെ ജലനിരപ്പുയർന്ന് എടക്കര മൂപ്പിനിപ്പാലവും ചുങ്കത്തറ മുട്ടിക്കടവ് പാലവും മൂടി.

പോത്തുകല്ല് പനങ്കയം പാലത്തിനും പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിനും ഒപ്പം വരെ വെള്ളമുയർന്നു. കഴിഞ്ഞ പ്രളയത്തിൽ തീരങ്ങളിൽ വന്നടിഞ്ഞ മരങ്ങൾ പുഴയിലൂടെ ഒഴുകി എത്തിയിട്ടുണ്ട്. മുണ്ടേരി മുക്കം കുനിപ്പാല, വെളുമ്പിയംപാടം, പോത്തുകല്ല്, ഞെട്ടിക്കുളം, ഉൾപ്പെടെയുള്ള ചാലിയാറിന്റെ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ രാത്രി വീടുകളിൽ നിന്നും മാറി താമസിച്ചു. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ അതിശക്തമായ മഴ തുടരുകയാണ്. എന്നാൽ മുപ്പിനി പാലത്തിൽ നിന്നും വെള്ളം കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണു കനത്ത മഴയ്ക്ക് സാധ്യത. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു നിര്‍ദേശമുണ്ട്. വലിയ തിരമാലകള്‍ക്കും 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത ഉണ്ടെന്നു കാലാവസ്ഥ കേന്ദ്രം അറിയിച്ചു.