പൊന്നാനി നഗരസഭ പരിധിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല
പൊന്നാനി: കോവിഡിനെ പിടിച്ചു നിര്‍ത്താന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയിട്ടും പൊന്നാനി നഗരസഭ പരിധിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ ആഴ്‌ച സി. സോണിലുണ്ടായിരുന്ന നഗരസഭ ഇത്തവണ ഡി. സോണിലേക്കാണ് മാറിയത്. പൊന്നാനി താലൂക്കാശുപത്രിക്കും, ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, ആന്റി ജെന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയും, വാക്‌സിന്‍ വിതരണം ഊര്‍ജ്‌ജിതപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. കോവിഡ് ബാധിതര്‍ക്കായി സി.എഫ്.എല്‍.ടി.സിയും, ഡി.സി.സി സെന്ററും കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്.സാമൂഹിക അടുക്കള വഴിയുള്ള ഭക്ഷണ വിതരണവും മുടങ്ങാതെ നടക്കുകയും, കോവിഡ് വാര്‍ റൂം കേന്ദ്രീകരിച്ച് കോ വിഡ് പ്രതിരോധ ഏകോപന പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. സംസ്‌ഥാനത്ത് തന്നെ ആദ്യമായി ബീവറേജില്‍ കോവിഡ് പരിശോധന നടത്തുകയും, വിദ്യാര്‍ത്ഥികള്‍ക്കും, പ്രായമേറിയവര്‍ക്കുമായി വാക്‌സിന്‍ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. വ്യാപാരികളുടെയും, മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ദിവസം രണ്ടിടങ്ങളിലായി പരിശോധന നടത്തുന്നുണ്ട്.കഴിഞ്ഞ ആഴ്‌ച പരിശോധനക്കെത്തുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് ടി.പി.ആര്‍ നിരക്ക് വര്‍ധിക്കാനിടയാക്കിയത്. എന്നാല്‍ രോഗലക്ഷങ്ങളിലുണ്ടാവുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും പോസിറ്റീവാകുന്നതാണ് ടി.പി.ആര്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ ദിവസം താലൂക്കാശുപത്രിയില്‍ പരിശോധിച്ച 125 പേരില്‍ 46 പേര്‍ക്കും പോസിറ്റീവായി .ഇക്കാര്യത്തില്‍ നഗരസഭക്കെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ തള്ളികളയണമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. ഇന്നലെയും ഇന്നുമായി തീരദേശമേഖലയില്‍ വാക്‌സിന്‍ വണ്ടികളും സേവനം നടത്തുന്നുണ്ട്.