18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ
കണ്ണൂർ: ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നു വാങ്ങാൻ വേണ്ടി ആറ് ദിവസം കൊണ്ട് സമാഹരിച്ചത് 46.78 കോടി രൂപ. എസ്എംഎ രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി ചികിത്സാ സഹായം സമാഹരിച്ചപ്പോഴാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും വലിയ തുക സമാഹരിച്ചത്. പതിനെട്ട് കോടി രൂപയായിരുന്നു മുഹമ്മദിന്റെ മരുന്നിനായി വേണ്ടിയിരുന്നത്. കുഞ്ഞിനുള്ള സോൾജെൻസ്മ മരുന്ന് അടുത്ത മാസം ആറിനെത്തുമെന്ന് മാതാപിതാക്കൾ അറിയിച്ചു.7,77,000 പേരാണ് കുട്ടികളുടെ ചികിത്സക്കായി പണം അയച്ചത്. അഞ്ച് ലക്ഷം രൂപയാണ് അക്കൗണ്ടിൽ ഒറ്റത്തവണയെത്തിയ എറ്റവും വലിയ തുക. അഫ്രക്കും മുഹമ്മദിനും വേണ്ട ചികിത്സയ്ക്കും അപ്പുറുമുള്ള തുക സമാന അസുഖമുള്ള കുട്ടികളുടെ ചികിത്സക്കായി നൽകുമെന്ന് ചികിത്സാ സഹായത്തിനായി രൂപീകരിച്ച സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരുമായി ആലോചിച്ചതിന് ശേഷമായിരിക്കും തുക വിനിയോഗിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുയെന്നും ഇവർ വ്യക്തമാക്കി.മാട്ടൂൽ സ്വദേശി റഫീഖിന്റെയും മറിയുമ്മയുടെയും മൂത്തമകൾ അഫ്രയെ ചക്രക്കസേരയിലാക്കിയ ജനിതക വൈകല്യ രോഗം സഹോദരൻ മുഹമ്മദിനെയും ബാധിച്ചപ്പോഴാണ് കുടുംബം കാരുണ്യമതികളുടെ സഹായം തേടിയത്. അഭ്യർത്ഥന സമൂഹമാധ്യമങ്ങളിലടക്കം വന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായം ഒഴുകിയെത്തി. ഒടുവിൽ, ആവശ്യമായ തുക അക്കൗണ്ടിലെത്തിയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതോടെ അക്കൗണ്ട് ക്ലോസ് ചെയ്‌തെന്നാണ് സഹായ സമിതി അറിയിച്ചത്.പിന്നീട് നടത്തിയ കണക്കെടുപ്പിലാണ് തുക 46.78 കോടി രൂപ കവിഞ്ഞതായി കമ്മിറ്റി സ്ഥിരീകരിച്ചത്. ബാക്കിവരുന്ന തുക സമാന രോഗത്താൽ കഷ്ടത അനുഭവിക്കുന്ന മറ്റുള്ള കുരുന്നുകളുടെ ചികിത്സക്ക് നൽകും. പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവരോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലായ മുഹമ്മദിന് ഉടൻ ചികിത്സ ലഭ്യമാക്കും. ദീർഘകാല ചികിത്സക്കുശേഷം നാലാമത്തെ വയസ്സിൽ ഏറെ വൈകിയാണ് മൂത്ത കുട്ടി അഫ്രക്ക് സ്പൈനൽ മസ്‌കുലാർ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്.ഈ ഞെട്ടൽ മാറും മുമ്പെയാണ് മുഹമ്മദിനെയും ഇതേ രോഗം പിടികൂടിയത്. രണ്ട് വയസ്സിനുള്ളിൽ വിലപിടിപ്പുള്ള മരുന്നു നൽകുക മാത്രമാണ് ഏക പോംവഴിയെന്നറിഞ്ഞ കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു.
റഫീഖിന്റേയും മറിയത്തിന്റേയും ഇളയമകനായ റഫീഖിനെ ബാധിച്ച അപൂർവ്വരോഗത്തിന്റെ ചികിത്സയ്ക്ക് ഒരു ഡോസിന് പതിനെട്ട് കോടി രൂപ വിലയുള്ള സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടിയിരുന്നത്. മൂത്തമകളായ അഫ്ര ഇതേ അസുഖം ബാധിച്ച് കിടപ്പിലായതോടെ മുഹമ്മദിനെയെങ്കിലും രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു റഫീഖ്. എന്നാൽ മുഴുവൻ സമ്പാദ്യവും വിറ്റൊഴിഞ്ഞാലും 18 കോടിയുടെ നൂറിലൊന്ന് പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു.ഇതോടെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് മാട്ടൂൽ ഗ്രാമവാസികൾ മുന്നിട്ടിറങ്ങി. ജൂൺ 30 നാണ് ആദ്യ സഹായഭ്യർഥന നടത്തിയത്. തന്നെപ്പോലെ കുഞ്ഞനുജനും ഈ ദുരവസ്ഥ വരരുതെന്ന പ്രാർത്ഥനയോടെ അഫ്ര നടത്തിയ അഭ്യർത്ഥന എല്ലാവരും ഏറ്റെടുത്തു. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് കുട്ടിയുടെ ചികിത്സ. നവംബർ എട്ടിനു മുഹമ്മദിനു രണ്ടു വയസ്സു തികയും. അതിന് മുമ്പേ അവന് മരുന്ന് നൽകണം. രണ്ടോ മൂന്നോ ചുവടുകൾ വയ്ക്കുമ്പോഴേക്കും വേദന കൊണ്ട് നിലവിളിക്കുന്ന മുഹമ്മദും തന്നെ പോലെ അനിയനും കിടന്നു പോകരുതെന്ന് നൊമ്പരത്തോടെ പറഞ്ഞ അഫ്ര എന്ന കുഞ്ഞുപെങ്ങളേയും കേരളം നെഞ്ചേറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.