സമഗ്ര താനൂര്‍ കുടിവള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് ഭൂമി ഏറ്റെടുത്തു പദ്ധതി വേഗത്തിൽ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍

300 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി താനൂര്‍ നഗരസഭയില്‍ 30 സെന്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ഭൂമി ദാന സമ്മതപത്രം തിങ്കളാഴ്ചയ്ക്കകം ഉടമസ്ഥര്‍ സര്‍ക്കാരിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സര്‍ക്കാര്‍ താനൂരിലെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയ 300കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം 95 കോടി ചെലവഴിച്ച് പൂര്‍ത്തീകരിച്ചു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വിതരണ ശൃംഖലയില്‍ താനൂര്‍, നിറമരുതൂര്‍ ഉണ്യാല്‍ എന്നിവിടങ്ങളിലാണ് ടാങ്ക് നിര്‍മിക്കേണ്ടത്. ഉണ്യാലില്‍ ടാങ്ക് നിര്‍മിക്കുന്നതിനുള്ള സ്ഥലം ഫിഷറീസ് വകുപ്പില്‍ നിന്നും ഏറ്റെടുത്ത് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും മന്ത്രി താനൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താനൂര്‍ മോര്യയില്‍ കണ്ടെത്തിയ സ്ഥലത്തിന് ജല അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. താനൂരിന്റെ കിഴക്കന്‍ മേഖലയിലും തീരദേശ മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ ശുദ്ധജല വിതരണ പദ്ധതി ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 65 കോടി രൂപ താനൂരിന് മാത്രമായി അനുവദിച്ചിട്ടുണ്ട്. തുടങ്ങാത്ത പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കിഫ്ബി തീരുമാനവുമുണ്ട്.

അതുകൊണ്ടുതന്നെ സമഗ്ര കുടിവെള്ള പദ്ധതി വൈകിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിന്റെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കോട്ടക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുമെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ആര്യവൈദ്യശാലയുടെ നേതൃത്വത്തില്‍ അക്കാദമിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. ഇത് യാഥാര്‍ഥ്യമാവുന്നതോടെ ആയുര്‍വേദ രംഗത്ത് പുതിയ ഗവേഷണങ്ങള്‍ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. പ്രളയം മുന്‍കരുതലുകളുടെ ഭാഗമായി ജനങ്ങളുടെ സുരക്ഷക്കായി ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ നടത്തിയതായും മന്ത്രി വി.അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.