തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമം
തിരൂർ : തിരൂരിൽ തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമം. കാലിനു വെടിയേറ്റ നായയ്ക്ക് പ്രാഥമികചികിത്സ നൽകി.മൃഗസ്‌നേഹികളായ യുവാക്കൾ വിവരമറിയിച്ചതോടെ സംഭവം വിവാദമായി. തിരൂർ അഡീഷണൽ എസ്.ഐ.യും സംഘവും സ്ഥലത്തെത്തി അന്വേഷണംതുടങ്ങി.അന്നാരയിലെ തിരൂർ കോ-ഓപ്പറേറ്റീവ് കോളേജിനു സമീപമാണ് കാലിൽനിന്നു രക്തമൊലിക്കുന്ന തെരുവുനായയെ നാട്ടുകാർ കണ്ടത്.തുടർന്ന് വെറ്ററിനറി ഡോക്ടർ സൂര്യനാരായണനെ വിവരമറിയിക്കുകയും അദ്ദേഹമെത്തി ചികിത്സ നൽകുകയുംചെയ്തു.നായയെ വെടിവെച്ചതായാണ് മുറിവു പരിശോധിച്ചപ്പോഴുള്ള പ്രാഥമിക നിഗമനമെന്നും നാലു മില്ലീമീറ്റർ വ്യാസമുള്ള മുറിവാണെന്നും എക്സ്‌റേ പരിശോധനയ്ക്കും ശസ്ത്രക്രിയയ്ക്കുമായി നായയെ മണ്ണുത്തി വെറ്ററിനറി കോളേജിൽ കൊണ്ടുപോകേണ്ടതുണ്ടെന്നും ഡോ. സൂര്യനാരായണൻ പറഞ്ഞു.അന്നാരയിലെ യുവാക്കളുടെ കൂട്ടായ്‌മ നായയെ തിങ്കളാഴ്‌ച വിദഗ്ധചികിത്സയ്ക്കായി മണ്ണുത്തിയിൽ കൊണ്ടുപോകും.