ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഇവിടങ്ങളിൽ 115 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. മറ്റ് ജില്ലകളിൽ സാധാരണ മഴ ലഭിച്ചേക്കും. കേരള തീരത്ത് ശക്തമായ കാറ്റും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.

കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുമെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ മാത്രമേയുണ്ടാവുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇന്നു മുതല്‍ സംസ്ഥാനത്ത് മഴ കുറഞ്ഞു തുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ മലയോരത്ത് ലഭിച്ച അതിശക്തമായ മഴയുടെ രൂക്ഷത രാത്രിയോടെ കുറയുന്നതിനാല്‍ പുഴകളിലും മറ്റും വെള്ളംകയറിയുള്ള അപകട സാധ്യത കുറയും.

പെയ്യുന്ന മഴ വെള്ളം ഒഴുകിപോകാന്‍ സാവകാശം ലഭിക്കും വിധമാണ് ഇനിയുള്ള മഴയുടെ രീതി. ശക്തമായ മഴ ഏതാനും മിനുട്ടുകള്‍ നീണ്ടു നിന്ന ശേഷം ദീര്‍ഘമായ ഇടവേള ലഭിക്കും. അതിനാല്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം ഇല്ലാതാകും. തീരദേശത്തും ഇടനാട്ടിലും ഇടവേളകളോടെ പെയ്യുന്ന മഴയും നിലവില്‍ ഭീഷണിയാകില്ല.