നിയമസഭയിലെ കൈയാങ്കളി കേസ്: വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളും വിചാരണ നേരിടണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: 2015ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് സുപ്രീം കോടതി. കേസില്‍ ആരോപണ വിധേയരായ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് അംഗങ്ങള്‍ വിചാരണ നേരിടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.കേസ് പിന്‍വലിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറും ആരോപണ വിധേയരും നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് വിധി പറഞ്ഞത്. കേസില്‍ സംസ്ഥാന സര്‍ക്കാറിന് വലിയ തിരിച്ചടിയാണ് സുപ്രീം കോടതിയിലുണ്ടായത്.
മന്ത്രി വി ശിവന്‍ക്കുട്ടിയെ കൂടാതെ മുന്‍മന്ത്രി ഇ പി ജയരാജന്‍, മുന്‍മന്ത്രിയും നിലവില്‍ എം എല്‍ എയുമായ കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ സി കെ സദാശിവന്‍, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിചാരണ നേരിടേണ്ടത്.ക്രിമിനല്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ ഭരണഘടനാ വിരുദ്ധണാണ്. തെറ്റായ കീഴ്‌വഴക്കമാണ്. അംഗങ്ങള്‍ സത്യവാചകത്തോട് നീതി പുലര്‍ത്തണം. പബ്ലിക് പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടത്. രാഷ്ട്രീയ തീരുമാനത്തിന് അനുസരിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത് തെറ്റാണ്. പബ്ലിക് പ്രോസിക്യൂട്ടറെ നയിക്കേണ്ടത് പൊതുതാത്പര്യമാണ്. ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ് അംഗങ്ങള്‍ക്ക് നിയമസഭയില്‍ പരിരക്ഷ. ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് നിയമസഭ പരിരക്ഷ ലഭിക്കില്ല. ബജറ്റ് പ്രസംഗം തട്ടസ്സപെടുത്താന്‍ ജനപ്രതിനിധികള്‍ക്ക് അവകാശമില്ലെന്നും ചന്ദ്രചൂഢ് പറഞ്ഞു.
പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല. നരസിംഹ റാവു കേസിനെ സര്‍ക്കാര്‍ തെറ്റായി വ്യാഖ്യാനിച്ചു. എം എല്‍ എമാരുടെ അവകാശം ഭരണഘടന ചുമതലകള്‍ നിറവേറ്റുന്നതില്‍ മാത്രമാണെന്നും കോടതി പറഞ്ഞു.തിരുവനന്തപുരം സി ജെ എം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്ന് വന്‍ തിരിച്ചടി നേരിട്ട ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. സുപ്രീം കോടതിയില്‍ നിന്ന് ഇപ്പോഴുണ്ടായ വലിയ തിരിച്ചടി ഇടത് സര്‍ക്കാറിന് വലിയ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.