ജീവിതത്തിനു വക തേടി മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്.
പൊന്നാനി: കൊവിഡ് മൂന്നാം തരംഗത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കെ, ജീവിതത്തിനു വക തേടി മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്. 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ശനിയാഴ്ച അർദ്ധരാത്രി മുതൽ മത്സ്യബന്ധനത്തിനിറങ്ങും. കൊവിഡ് കാല നിയന്ത്രണങ്ങളും തുടർച്ചയായ ലോക്ക് ഡൗണും കടൽക്ഷോഭവും തീരത്ത് തീർത്ത ദുരിതത്തിന്റെ നടുവിൽ നിന്നാണ് വീണ്ടും മത്സ്യബന്ധന യാനങ്ങൾ കടലിലിറങ്ങുക.ഇടയ്ക്കിടെയുള്ള ട്രിപ്പിൾ ലോക്ക്ഡൗണും കടലിലെ പ്രതികൂല കാലാവസ്ഥയും കാരണം കഴിഞ്ഞ സീസണിലെ പകുതിയോളം ദിവസങ്ങളിൽ ബോട്ടുകൾക്ക് കടലിൽ ഇറങ്ങാനായിരുന്നില്ല. ഒരു ഘട്ടത്തിലും ചാകര ലഭിച്ചില്ല. ഇന്ധനച്ചെലവ് പോലും പലപ്പോഴും ലഭിക്കാറില്ലായിരുന്നു.
കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് പല ആഴ്ചകളിലും കടലിലിറങ്ങാനായില്ല. മഹാമാരിക്കൊപ്പം ഇവ കൂടിയായതോടെ മത്സ്യത്തൊഴിലാളികൾ വലഞ്ഞു.നീളൻ കൂന്തൾ, കല്ലൻ കൂന്തൾ, നീരാളി, കണവ, കിളിമീൻ എന്നിവയാണ് ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. പിടിച്ചുകൊണ്ടു വരുന്ന മത്സ്യത്തിന്റെ വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഹാർബറിൽ ലേലം അനുവദിക്കില്ല. അതത് ഹാർബറുകളിലെത്തുന്ന മത്സ്യം അവിടെ വിൽപ്പന നടത്താൻ സാഹചര്യമൊരുക്കും.
മത്സ്യ കയറ്റുമതിക്ക് നിയന്ത്രണങ്ങളുള്ളത് പ്രതിസന്ധി സൃഷ്ടിക്കും. കല്ലൻ കൂന്തൾ, നീളൻ കൂന്തൾ എന്നിവ കയറ്റുമതി വിപണിയിൽ വലിയ വില ലഭിക്കുന്നവയാണ്. മത്സ്യബന്ധനവും വിൽപ്പനയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഒട്ടുമിക്ക തീരപ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ ഹാർബർ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും.
ഒരേ സമയം 25 പേർക്കാണ് പ്രവേശനം. മത്സ്യവിലയുടെ കാര്യത്തിൽ മേൽനോട്ട സമിതിയുടെ നിരീക്ഷണമുണ്ടാകും.ദുരിതവും വറുതിയുംട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് അനുമതിയുണ്ടായിരുന്ന വള്ളങ്ങൾക്ക് പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാര്യമായി കടലിലിറങ്ങാനായില്ല.കടുത്ത ദുരിതവും വറുതിയുമായിരുന്നു ഫലം.സന്നദ്ധ സംഘടനകളും സർക്കാരും നൽകിയ കിറ്റിന്റെ ബലത്തിലാണ് കഴിഞ്ഞു പോയത്.തുടർച്ചയായുണ്ടായ കടലാക്രമണങ്ങൾ ഇത്തവണ തീരത്തിന്റെ നടുവൊടിച്ചു.
അറ്റകുറ്റപ്പണികളില്ല
ട്രോളിംഗ് നിരോധന കാലത്ത് നടക്കുന്ന ബോട്ടുകളുടെ അറ്റകുറ്റപണി ഇത്തവണ കാര്യമായി നടന്നില്ല.ലക്ഷങ്ങൾ ചെലവ് വരുന്ന അറ്റകുറ്റപ്പണിക്ക് പണം കണ്ടെത്താനാകാത്ത സ്ഥിതിയായിരുന്നു.അത്യാവശ്യ അറ്റകുറ്റപണികൾ മാത്രമാണ് നടന്നത്.200ഓളം മത്സ്യ ബന്ധന ബോട്ടുകളാണ് പൊന്നാനിയിലുള്ളത്.1500ഓളം തൊഴിലാളികൾ കടലിൽ പോകുന്നവരായുണ്ട്. അനുബന്ധ മേഖലയിലുമുണ്ട് അത്രതന്നെ തൊഴിലാളികൾ .